• സ്റ്റാര്‍ട്ടപ്പുകളുടെയും നിക്ഷേപകരുടെയും വിദഗ്ധരുടെയും ശ്രദ്ധേയ സാന്നിദ്ധ്യത്തോടെ ഹഡില്‍ കേരള

  പ്രത്യേക ലേഖകന്‍
   
   
   മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരെയും സാങ്കേതിക സഹായികളെയും കണ്ടുപിടിക്കാനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനങ്ങളിലൊന്നായ "ഹഡില്‍ കേരള" വെള്ളിയാഴ്ച കോവളത്ത് തുടങ്ങും.ധാരണാപത്രങ്ങളും കരാറുകളും ചര്‍ച്ചകളുമൊക്കെയായി രണ്ടു ദിവസം ലീല റാവിസ് റിസോര്‍ട്ടില്‍ രാപ്പകലില്ലാതെ നടക്കുന്ന സമ്മേളനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങളും സേവനങ്ങളും അണിനിരത്തി മുന്നേറാനുള്ള മികച്ച വേദിയായി മാറും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ "ഹഡില്‍ കേരള" ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നതസമിതി ചെയര്‍മാന്‍ ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമി ഉള്‍പ്പെടുയുള്ള ഉന്നതര്‍ അതിഥികളായെത്തും. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ), ഐഎഎംഎഐ സ്റ്റാര്‍ട്ടപ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍. ഏഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും വിപണിനേതൃത്വവുമായിരിക്കും സമ്മേളനത്തിനെത്തുന്നത്. 
   
  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേറ്റര്‍ തുടങ്ങാന്‍ പ്രമുഖ ആഗോള ഐടി-നെറ്റ്വര്‍ക്കിങ് കമ്പനിയായ സിസ്‌കോയുമായി ഐഐഐടിഎം-കെ ഹഡില്‍ വേദിയില്‍ ധാരണാപത്രം ഒപ്പിടുമെന്ന് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് അറിയിച്ചു.ലോകം  നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബിസിനസ് ഇന്‍കുബേറ്ററും വിദ്യാഭ്യാസ ബൗദ്ധിക കേന്ദ്രവുമായ സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയുടെ ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് എന്ന പരിപാടിക്കും ഹഡിലില്‍ തുടക്കമിടും. ഈ ചലഞ്ചില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അമേരിക്കയില്‍ പരിശീലനം ലഭ്യമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ സാങ്കേതിക സ്ഥാപനമായ സി-ഡാക് തയറാക്കിയിട്ടുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ക്കും ഗവേഷണ റിപ്പോര്‍ട്ടുകള്‍ക്കും അനുസൃതമായി സംരംഭങ്ങള്‍ക്ക് തുടക്കമിടാനും അവ വാണിജ്യവല്‍ക്കരിക്കാനുമുള്ള പദ്ധതിയും ഹഡിലില്‍ ആവിഷ്‌കരിക്കും. 
  ചര്‍ച്ചകള്‍ക്കായി കടലോര ഹഡിലുകളും രാത്രിപ്രദര്‍ശനങ്ങളുമുള്‍പ്പെടെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹഡില്‍ കേരള പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, അക്കാദമിക വിദഗ്ധര്‍, വിപണിനേതാക്കള്‍ എന്നിവരുള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ സമ്മേളനത്തിനെത്തും.  30 സെഷനുകളിലായി 40 പ്രഭാഷകരും പങ്കെടുക്കും. ബ്ലോക്ക്‌ചെയ്ന്‍, ക്രിപ്‌റ്റോകറന്‍സി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഗെയ്മിങ് ആന്‍ഡ് ഇ-സ്‌പോര്‍ട്‌സ്, സൈബര്‍ സെക്യുരിറ്റി, ഡിജിറ്റല്‍ വിനോദങ്ങള്‍, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഇ ഗവേണന്‍സ്, മൊബൈല്‍ ഗവേണന്‍സ് എന്നിങ്ങനെ വിപ്ലവാത്മകമായ സാങ്കേതികവിദ്യകളിലായിരിക്കും ഹഡില്‍ കേരളയില്‍ ഊന്നല്‍. വേദിയിലെ പരിപാടികള്‍ക്കു പുറമെ നെറ്റ്വര്‍ക്കിങ് സെഷന്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സമാന്തര ചടങ്ങുകള്‍ എന്നിവയും നടക്കും. വിജയികളായ സംരംഭകരും നിക്ഷേപകരും ഉള്‍പ്പെടുന്നതാണ് പ്രഭാഷകനിര.
   
  സ്റ്റാര്‍ട്ടപ്പുകളുടെ വലിയ കൂട്ടായ്മ സൃഷ്ടിക്കുക, സ്ഥാപക-നിക്ഷേപക കൂടിക്കാഴ്ചകള്‍ സൃഷ്ടിക്കുക, അടുത്ത തലമുറയിലേക്കു വളരാന്‍ കമ്പനികളെ സഹായിക്കുക എന്നിവയാണ് "ഹഡില്‍ കേരള"യുടെ ലക്ഷ്യങ്ങള്‍. ആശയങ്ങളുമായി മുന്നോട്ടുവന്ന് പിച്ചിങ് നടത്തുന്ന 100 കമ്പനികള്‍ തമ്മില്‍ നടക്കുന്ന "ഹഡില്‍ 100" മല്‍സരം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ തുടങ്ങും. ഇതില്‍നിന്നു തിരഞ്ഞെടുക്കുന്ന 10 മികച്ച കമ്പനികള്‍ അടുത്ത ദിവസം പിച്ചിങ് തുടരുകയും മുന്‍നിര വിപണിനേതാക്കള്‍ ഇതിനു മേല്‍നോട്ടം വഹിക്കുകയും ചെയ്യും. പത്തു കമ്പനികളില്‍നിന്ന് സെമി ഫൈനല്‍ ടീമുകളെയും പിന്നീട് ഫൈനല്‍ ടീമുകളെയും തിരഞ്ഞെടുക്കും. പ്രത്യേകം സജ്ജീകരിക്കുന്ന സ്റ്റാര്‍ട്ടപ് സോണി(ഡെമോ ബൂത്ത്)ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാം. ലൊക്കേഷന്‍ മാര്‍ക്കറ്റിങ് സ്‌പെഷലിസ്റ്റുകളായ പോസ്റ്റര്‍സ്‌കോപ്, മൊബൈല്‍ ആപ് നിര്‍മാതാക്കളായ സോഹോ കോര്‍പറേഷന്‍ എന്നിവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാ