• പാഥേയം പദ്ധതിയുടെ മൂന്നാം ഘട്ടം തുടങ്ങി.

    താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന പദ്ധതിയായ പാഥേയം പദ്ധതിയുടെ മൂന്നാം ഘട്ടം തുടങ്ങി. ഡയാലിസിസ് സെന്ററില്‍ ഡയാലിസിസിന് എത്തുന്ന മുഴുവന്‍ വൃക്കരോഗികള്‍ക്കും ലഘുഭക്ഷണവും ചായയും സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്. പൂര്‍ണമായും പൊതുജനങ്ങളില്‍ നിന്നു ലഭിക്കുന്ന സംഭാവനകള്‍ ശേഖരിച്ചാണു പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രതിമാസം 139 രോഗികള്‍ക്ക് 1,300 ഡയാലിസിസുകള്‍ നടത്തുന്നുണ്ട്. രോഗികള്‍ ശാസ്ത്രീയമായ ആഹാരക്രമം പാലിച്ചില്ലെങ്കില്‍ വൃക്കരോഗങ്ങളുടെ അളവ് വര്‍ധിക്കുവാനും അപകടം സംഭവിക്കുന്നതിനും ഇടയുണ്ട്. 
     
    ഇതുകൊണ്ടു വൃക്കരോഗികള്‍ക്കു കൗണ്‍സലിങ്ങും ബോധവല്‍ക്കരണവും നടത്തിവരുന്നുണ്ട്. എന്നാലും ഡയാലിസിസ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ രോഗിക്ക് അമിത വിശപ്പ് ഉണ്ടാകുമ്പോള്‍ ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുവാനും താലൂക്ക് ആശുപത്രിയും ഡയാലിസിസ് വിഭാഗവും ഡയറ്റീഷനും ചേര്‍ന്നു തയാറാക്കുന്ന ഭക്ഷണമാകും ഇനി നല്‍കുന്നത്. നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.ഷാഹിര്‍ഷ പദ്ധതി വിശദീകരിച്ചു.