• തടയണ നിര്‍മിക്കണമെന്ന ആവശ്യം ശക്തം

     പുനലൂര്‍ കുടിവെള്ള പദ്ധതിയിലേക്ക് എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം ശേഖരിക്കുന്നതിനു നെല്ലിപ്പള്ളി ഭാഗത്ത് കല്ലടയറ്റില്‍ തടയണ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. കല്ലടയാറ്റില്‍ വെള്ളക്കുറവ് അനുഭവപ്പെടുമ്പോള്‍ ഇടയ്ക്ക് ഇവിടെ പമ്പിങ് തടസ്സപ്പെടാറുണ്ട്. മൂന്നു കിലോ മീറ്റര്‍ അകലെ പേപ്പര്‍ മില്‍ തടയണയുടെ ഉയരം സ്ഥിരമായി ഉയര്‍ത്തണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1992ലെ വെള്ളപ്പൊക്കത്തിലാണ് ഇവിടെ കരിങ്കല്‍ക്കെട്ടു പൊളിഞ്ഞുപോയത്. 
     
    മൂന്നടിയോളം ഉയരം അന്നു കുറഞ്ഞു. അന്നുമുതല്‍ വേനലില്‍ ഡാമില്‍ നിന്നു കനാലിലെ ജലസേചനത്തിന് വെള്ളം ഒഴുക്കിയില്ലെങ്കില്‍ കല്ലടയാറ്റില്‍ നീരൊഴുക്ക് കുറയുകയും പമ്പിങ് ഇടയ്ക്ക് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം നെല്ലിപ്പള്ളിയില്‍ പുതിയ തടയണ നിര്‍മിക്കുക എന്നതാണ്. കുണ്ടറ, ജപ്പാന്‍ പദ്ധതികളിലേക്കും വെള്ളം ശേഖരിക്കുന്നത്.കല്ലടയാറ്റില്‍ നിന്നാണ്. പുനലൂര്‍ പദ്ധതിയുടെ ഇന്‍ടേക്ക് വെല്ലിന് ഒന്നും ഒന്നരയും കിലോമീറ്റര്‍ തെക്കുഭാഗത്താണ് ഈ പദ്ധതികളുടെ ഇന്‍ടേക്ക് വെല്ലുകള്‍ സ്ഥിതി ചെയ്യുന്നത്. നെല്ലിപ്പള്ളിയില്‍ തടയണ നിര്‍മിച്ചാല്‍ അത് ഈ പദ്ധതികളുടെ ജലശേഖരണത്തിനും അനുഗ്രഹമാകും.