• ഈസ്റ്റര്‍, വിഷു ആഘോഷിക്കാന്‍ പതിനഞ്ചോളം ചിത്രങ്ങള്‍

    ഈസ്റ്റര്‍, വിഷു ആഘോഷകാലത്ത് തീയറ്ററുകളിലേക്ക് എത്തുന്നത്, എത്താന്‍ കാത്തിരിക്കുന്നത് പതിനഞ്ചോളം ചിത്രങ്ങളാണ്. കുഞ്ചാക്കോ ബോബന്‍, ശാന്തി കൃഷ്ണ, അതിഥി രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പയും വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരനും 29ന് റിലീസ് ചെയ്യുന്നതോടെയാണ് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളിലെ സിനിമ മാമാങ്കം ആരംഭിക്കുന്നത്.മോഹന്‍ലാല്‍ ചിത്രം ഇല്ലാത്ത ഇത്തവണത്തെ ഈസ്റ്റര്‍, വിഷു ആഘോഷങ്ങളെ കൊഴുപ്പിക്കാന്‍ എത്തുന്ന മമ്മൂട്ടി ചിത്രം പരോള്‍ ആണ്. സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോള്‍ ശനിയാഴ്ച്ചയാണ് തീയറ്ററുകളില്‍ എത്തുന്നത്. മിയ, പല്ലവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 
     
    അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനാകുന്ന സ്വാതന്ത്രം അര്‍ദ്ധരാത്രിയിലും റിലീസ് ചെയ്യുന്നത് ശനിയാഴ്ചയാണ്. ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനായകന്‍, ചെന്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാമലീലയ്ക്കു ശേഷം ദിലീപ് നായകനായി എത്തുന്ന കമ്മാരസംഭവം ഏപ്രില്‍ അഞ്ചിനാണ് തീയറ്ററുകളില്‍ എത്തുന്നത്. രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സിദ്ധാര്‍ഥും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രത്തിലെ നായിക നമിത പ്രമോദാണ്.ഏപ്രില്‍ ആറിന് ബിജു മേനോന്‍ ചിത്രം ഒരായിരം കിനാക്കളാല്‍ തീയറ്ററുകളിലെത്തും. ദീര്‍ഘ നാളത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന ഒരാളുടെ കഥാപാത്രത്തെയാണ് ബിജുമേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.