• ഹാഷ് ഫ്യൂച്ചറിനോടനുബന്ധിച്ച് പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച: ഐ.ടി കമ്പനികള്‍ സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

  സി.ഡി. സുനീഷ്
   
  എല്ലാ ജീവിത സന്ദര്‍ഭങ്ങളിലും ഇനി ഡിജിറ്റല്‍ സ്പര്‍ശം ഉണ്ടാകും.സര്‍ക്കാരുമായി ധാരണയിലെത്തി ഐ.ടി.കമ്പനികള്‍.ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയുടെ ഭാഗായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഹാര്‍ഡ്വെയര്‍ മേഖലയില്‍ ബഹുരാഷ്ട്ര കമ്പനിയായ സിസ്‌കോ കൊച്ചി  മേക്കര്‍ വില്ലേജുമായി സഹകരിക്കും.ഹാഷ് ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. സിസ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹരീഷ് കൃഷ്ണനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിന് ഒരു കോടി രൂപയുടെ ഉപകരണങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്.  സംസ്ഥാനത്തെ 150 ഓളം വരുന്ന ചെറുകിട നെറ്റ്വര്‍ക്കിംഗ് ഹാര്‍ഡ്വെയര്‍ സ്ഥാപനങ്ങള്‍ക്ക് ഈ സഹകരണം പ്രയോജനപ്പെടുമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്,  ഐടി സെക്രട്ടറി എം.ശിവശങ്കര്‍ അറിയിച്ചു. കെ ഫോണും പൊതു വൈഫൈയടക്കമുള്ളവയില്‍ സിസ്‌കോ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനിയടക്കം വൈജ്ഞാനിക മേഖലയിലെ പ്രമുഖരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. അമേരിക്കയിലെ അഡ്വാന്‍സ്ഡ് ഇമേജ് സൊസൈറ്റി പ്രസിഡന്റ് ജിം ചാബിറുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ് സ്ഥാപനങ്ങള്‍ക്ക് നൂതന സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാനും ധാരണയായി. സര്‍ഗപരമായ പ്രവര്‍ത്തനമേഖലകളില്‍ കേരളത്തിന്റെ മേ?കള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് സൊസൈറ്റി പ്രതിനിധികള്‍ വ്യക്തമാക്കി. ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും സഹകരണം. സോണി എആര്‍/വിആര്‍ പ്രതിനിധി ജേക്ക് ബ്ലേക്കുമായും കൂടിക്കാഴ്ച നടത്തി.
  ആരോഗ്യ പരിരക്ഷാ മേഖലയില്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരുന്നതിന്റെ ഭാഗമായി മാപ്‌മൈജീനോം എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും സിഇഒയുമായ അനു ആചാര്യ, ക്യൂര്‍എഎഐ-യുടെ സിഇഒ പ്രശാന്ത് ആര്യ എന്നിവരുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെട്ട മലയാളി സംരംഭമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനം ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനുമായി ഏപ്രില്‍ ആദ്യവാരം മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് ശിവശങ്കര്‍ അറിയിച്ചു. കെപിഎംജി ഇന്ത്യ സിഇഒ അരുണ്‍ കുമാറുമായും മുഖ്യമന്ത്രി പ്രാഥമിക കൂടിയാലോചനകള്‍ നടത്തി.ബൈജൂസ് ആപ്പ് സംസ്ഥാനസര്‍ക്കാരുമായിചര്‍ച്ച നടത്തും
   
  പരമ്പരാഗത പഠനരീതിയെ മൊബൈല്‍ ട്യൂഷന്‍ ആപ്പിന്റെ രൂപത്തില്‍ സംയോജിപ്പിച്ച് വിപ്ലവകരമായ മാറ്റം അവതരിപ്പിച്ച ബൈജൂസ് ആപ്പ് അന്താരാഷ്ട്ര രംഗത്തേക്ക് കടക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സഹായകരമാകുന്ന വിധത്തില്‍ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് ബൈജുവിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവരുമായി ഏപ്രില്‍ മാസമാദ്യം ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പിന്നീട് പറഞ്ഞു.
   
  വരുന്ന സപ്തംബറില്‍ അന്താരാഷ്ട്ര മൊബൈല്‍ ആപ്പ് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് പഠന വിഷയങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുന്നത്. വികസിത വിപണികള്‍ക്ക് വരെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുന്നത് കാലതാമസമെടുക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ കുട്ടികളുടെ പഠനരീതി മാറ്റുന്നതാണ് അഭികാമ്യം. കാലക്രമേണ അധ്യാപകരെ ഉദ്ദേശിച്ച് പ്രത്യേകമായ ആപ്പും പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. വിപണിയറിഞ്ഞ് വില്‍പ്പന നടത്തിയതാണ് വിജയരഹസ്യമെന്നും ബൈജു ചൂണ്ടിക്കാട്ടി.
   
  രാജ്യത്തെയല്ല, ലോകത്തെ മികച്ചതാകുകയെന്നതാണ് സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.ആദ്യം കണക്കും പിന്നീട് ശാസ്ത്രവുമാണ് ബൈജൂസ് ആപ്പില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് ഉടന്‍ തന്നെ ഇംഗ്ലീഷിനായും ആപ്പ് തുടങ്ങുകയും കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ വിഷയങ്ങള്‍ക്കായുള്ള ആപ്പും ഉടന്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഉപഭോക്താവാരെന്ന് തിരിച്ചറിയലാണ് പ്രാഥമികമായ കാര്യമെന്ന് ബൈജു പറയുന്നു.വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഈ ആപ്പിന് ആദ്യമായി പ്രചാരം നല്‍കിയത്. പിന്നീട് ഡിജിറ്റല്‍ തലത്തിലും ടിവിയിലും പ്രചാരം നല്‍കി. ബഹുഭൂരിപക്ഷം ഉപഭോക്താക്കളെയും ആകര്‍ഷിക്കണമെന്നതിനാല്‍ ടിവി പരസ്യങ്ങളെയാണ് ആശ്രയിച്ചത്. മെട്രോ നഗരങ്ങളേക്കാള്‍ കൂടുതല്‍ ചെറുനഗരങ്ങളിലാണ് ആപ്പിന് ആവശ്യക്കാരേറെയുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.