• ഹാഷ് ഫ്യൂച്ചര്‍ സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ യാത്രയുടെ തുടക്കം: മുഖ്യമന്ത്രി

  പ്രത്യേക ലേഖകന്‍
   
  വിജ്ഞാനമാണ് ഭാവി, ഭാവി വിജ്ഞാനത്തിലൂടെ" എന്ന് ഉദ്‌ഘോഷിച്ച് സംസ്ഥാനത്തെ പ്രഥമ ആഗോള ഐടി ഉച്ചകോടിയായ ഹാഷ്ഫ്യൂച്ചറിന് കൊച്ചിയില്‍ ഉജ്ജ്വല തുടക്കം. സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ യാത്രയുടെ തുടക്കമാണ് ഹാഷ് ഫ്യൂച്ചറെന്ന് ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പറഞ്ഞു.പ്രാഥമിക വിദ്യാഭ്യാസത്തില്‍ കേരളം പാകിയ അടിസ്ഥാന ശിലയാണ് സെക്കന്‍ഡറി- ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിന് സംസ്ഥാനത്തിന് സഹായകരമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മികച്ച തൊഴില്‍ വൈദഗ്ധ്യം നേടിയ വ്യക്തികള്‍ക്ക് പരിശീലനത്തിനും തൊഴിലിനും കേരളത്തില്‍ തന്നെ അവസരമുണ്ടാകണം. കേരളത്തിലെ ഐടി പാര്‍ക്കുകളുടെ വിസ്തൃതി കൂട്ടിയത് അടിസ്ഥാന സൗകര്യ വികസനത്തില്‍ നേട്ടമാകും. എന്നാല്‍ ഇതോടൊപ്പം ഡിജിറ്റല്‍ രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യവും ഇവിടെ ഒരുങ്ങണം. ഹാഷ് ഫ്യൂച്ചര്‍ ഇതിലേക്കുള്ള സുപ്രധാന ചവിട്ടുപടിയാണ്. അന്താരാഷ്ട്ര തലത്തിലെ മികച്ച പ്രൊഫഷണല്‍ സ്ഥാപനങ്ങളും വ്യക്തികളുമായി സഹകരണവും വാണിജ്യ ബന്ധങ്ങളും ഉണ്ടാകണം. അങ്ങനെ വിജ്ഞാന സമൂഹമായി കേരളത്തിനു വളരാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയില്‍ നൂതന സാങ്കേതിക വിദ്യ എങ്ങിനെ ഉപയുക്തമാക്കാം എന്നതിനെക്കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഇതിനായി സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിധം സര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
  വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചകോടി കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പക്കാര്‍ ആശയങ്ങള്‍ അവതരിപ്പിക്കാനും അതില്‍ വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ തേടാനും ഈയവസരം ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങളില്‍ എന്നും കേരളം ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്. പ്രതിനിധികളുടെ പ്രവേശനമടക്കം പൂര്‍ണമായും ഡിജിറ്റല്‍വത്കരിച്ച സംസ്ഥാനത്തെ ആദ്യ ഉച്ചകോടിയാണ് ഹാഷ് ഫ്യൂച്ചറെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാക്കി മാറ്റിയ സംസ്ഥാനമാണ് കേരളം. വര്‍ഷം തോറും പൊതു ഇടങ്ങളില്‍ ആയിരം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനവും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആയിരം പൊതു ഇന്റര്‍നെറ്റ് ഇടങ്ങളും, സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ "എംകേരള"വും മുഖ്യമന്ത്രി ചടങ്ങില്‍ പുറത്തിറക്കി. ഡിജിറ്റല്‍ ഉച്ചകോടിയ്ക്ക് എല്ലാവിധ സഹകരണവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി പറഞ്ഞു. 
  ഓഗ്മന്റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍, വിവര ശേഖരവും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും, സൈബര്‍ സുരക്ഷ, വൈദ്യുത വാഹനങ്ങള്‍, സ്‌പേസ് സാങ്കേതിക വിദ്യ പാര്‍ക്ക് എന്നീ ആറിന പരിപാടികള്‍ സംസ്ഥാന ഐടി നയത്തില്‍ ഉള്‍പ്പെടുത്തി മുന്നോട്ടുപോകുമെന്ന്  ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. ഡിജിറ്റല്‍ രംഗം വര്‍ഷം തോറും മാറ്റത്തിന് വിധേയമാകുന്നതിനാല്‍ ഐടി നയത്തിലെ ഉപനയങ്ങള്‍ വര്‍ഷം തോറും പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഹാഷ്ഫ്യൂച്ചര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പൊതു ഇടങ്ങളിലെ വൈഫൈയിലൂടെ ഒരു വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്ന് ഐടി സെക്രട്ടറി പ്രഖ്യാപിച്ചു.നിലവിലെ വിപണിയെ അലോസരപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങള്‍ അനുദിനവും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തില്‍ ഐടി ഉന്നതാധികാര സമിതി ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ് ഡി ഷിബുലാല്‍ ചൂണ്ടിക്കാട്ടി. 
   
  നിര്‍മ്മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ വിപ്ലവകരമായ ഡിജിറ്റല്‍ പരിണാമത്തില്‍ കേരളമാകും പ്രധാന കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സഹായകരമായ നിലയില്‍ ലോകത്തിലെ എല്ലാ മേഖലകളിലെയും മികച്ച ബുദ്ധികേന്ദ്രങ്ങളെ ഒരുമിച്ചു കൊണ്ടു വരികയാണ് ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടിയുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആഗോളതലത്തില്‍ ഡിജിറ്റല്‍ മേഖലയിലുണ്ടായിരിക്കുന്ന അവസരങ്ങളെക്കുറിച്ചും വെല്ലുവിളികളെ കുറിച്ചും ഹാഷ് ഫ്യൂച്ചര്‍ കണ്‍വീനര്‍ വി കെ മാത്യൂസ് അവതരണം നടത്തി.വിവിധ മേഖലകളില്‍ നിന്നായി മുപ്പതില്‍പരം വിദഗ്ധരാണ് ഉച്ചകോടിയില്‍ വിവിധ സെഷനുകളിലായി പ്രഭാഷണം നടത്തുന്നത്. ആഗോളതലത്തിലെ ഉന്നതരായ പ്രൊഫഷണലുകള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, സ്വകാര്യവ്യക്തികള്‍ തുടങ്ങി 2000-ഓളം പ്രതിനിധികളാണ് ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.