• ശക്തമായ ചുഴലിക്കാറ്റിനു സാധ്യത; തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

    തിരുവനന്തപുരത്തിന് 391 കിലോ മീറ്റര്‍ അകലെ അതിത്രീവന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരദേശമൊട്ടാകെ അതീവ ജാഗ്രതാനിര്‍ദേശം. ചുഴലിക്കാറ്റായി മാറാവുന്ന തരത്തിലുള്ളതാണ് ഉള്‍ക്കടലില്‍ രൂപപ്പെട്ട് ന്യൂനമര്‍ദം.കടലില്‍ 65 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം നല്‍കുന്ന വിവരം. മൂന്ന് ദിവസത്തേക്ക് കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടലില്‍ പോയ ബോട്ടുകളില്‍ പലതും ലക്ഷദ്വീപില്‍ അടുപ്പിച്ചിരിക്കുകയാണ്.
     
    കടുത്ത ന്യുന മര്‍ദത്തെ തുടര്‍ന്ന് കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തി വെച്ചു.തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്കും കടലില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് തിരുവനന്തപുരത്തിന് 391 കിലോ മീറ്റര്‍ അകലെ രൂപപ്പെട്ട് ന്യൂനമര്‍ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് ഇപ്പോള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.