• ഇടത് യുവജന സംഘടനകളെ വിമര്‍ശിച്ച് വി.ടി.ബല്‍റാം

     
     കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ മൗനം തുടരുന്ന എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും വി.ടി.ബല്‍റാം എംഎല്‍എയുടെ പരിഹാസം. കേരളത്തില്‍ ഇങ്ങനെ രണ്ടു സംഘടനകള്‍ ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നിയമസഭയിലെ മീഡിയ ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബല്‍റാം ഇടത് യുവജന സംഘടനകളെ വിമര്‍ശിച്ചത്. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം 56 വയസില്‍ നിന്നും 60 ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടും എസ്എഫ്‌ഐയോ ഡിവൈഎഫ്‌ഐയോ പ്രതിഷേധത്തിന്റെ ഒരു സ്വരവും ഉയര്‍ത്തിയില്ല. 
     
    മുന്‍പ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വിഷയത്തില്‍ കേരളത്തിലെ തെരുവുകളെ ചോരയില്‍ മുക്കിയ ഇടത് യുവജന സംഘടനകള്‍ അധികാരത്തിന്റെ സുഖത്തില്‍ ഇന്ന് കഴിയുകയാണെന്നും ബല്‍റാം പരിഹസിച്ചു. സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരേ യുഡിഎഫ് യുവജന സംഘടനകള്‍ ശക്തമായി രംഗത്തുണ്ടാകുമെന്നും കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും വി.ടി.ബല്‍റാം പറഞ്ഞു.