• കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാന്‍; ഗതാഗതമന്ത്രി

    കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്യും. മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാല്‍ മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നും പെന്‍ഷന്‍ പ്രായം കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. 
     
    പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നുള്ള നിര്‍ദേശമാണ് പിണറായി വിജയന്‍ യോഗത്തില്‍ വച്ചത്. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍കൊണ്ടു മാത്രമേ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താനാകൂ. സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും പെന്‍ഷന്‍ നല്‍കാന്‍ എല്ലാക്കാലവും സഹകരണ ബാങ്കുകളെ ആശ്രയിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.