• കോര്‍പ്പറേറ്റുകള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കൊടി കുത്താന്‍ സി പി ഐ നേതാക്കള്‍ ചങ്കൂറ്റം കാണിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

    സിപിഐ ഭീഷണിയെ തുടര്‍ന്ന് പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാട്ട കാലവധി കഴിഞ്ഞ അഞ്ചര ലക്ഷം ഹെക്ടര്‍ തോട്ട ഭൂമിയാണ് ഇപ്പോഴും വന്‍കിട കമ്പിനികള്‍ കൈവശം വച്ചിരിക്കുന്നത്. അത് തിരിച്ച് പിടിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കൂലിക്ക് വേണ്ടി ഇല്ലാത്ത നിയമങ്ങള്‍ പറഞ്ഞ് ചെറുകിട സംരഭകരെ ചൂഷണം ചെയ്യുകയാണ്.ഇത് സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. സുഗതന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല.ലോക കേരള സഭ നടത്തി പ്രവാസികളെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ സ്വാഗതം ചെയ്ത മുഖ്യമന്ത്രിക്കും സുഗതന്റെ ആത്മഹത്യയില്‍ ഉത്തരം പറയുവാനുള്ള ധാര്‍മിക ബാധ്യതയുണ്ട്.
     
    സി പി ഐ നേതാക്കളുടെ നാളുകള്‍ നീണ്ട പീഡനത്തിന് ശേഷം ജീവിതം വഴിമുട്ടിയാണ് സുഗതന്‍ ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തത്.ഒന്നോ രണ്ടോ പേരെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പോലീസ് പിന്തിരിയണം. ഗൂഡാലോചനയില്‍ ഉള്‍പ്പെടെ പങ്കാളികളായവരെപ്പറ്റിയും അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എജന്‍സികളും നോര്‍ക്ക പോലുള്ള സംവിധാനങ്ങളും ഇതേ പറ്റി സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറാകണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ല. ഡി ജി പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക കുറ്റാന്വേഷണ സംഘം  രൂപീകരിച്ച്  കാര്യക്ഷമവും നിഷ്പക്ഷവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും കുമ്മനം പറഞ്ഞു.ലക്ഷ കണക്കിന് വരുന്ന പ്രവാസികളും സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരും ഈ വിഷയത്തിലെ സര്‍ക്കാര്‍ നടപടികള്‍ ഉറ്റ് നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന ഉപാദ്ധ്യക്ഷ ബി.രാധാമണി, ജില്ലാ സെക്രട്ടറി ആയൂര്‍ മുരളി, മണ്ഡലം പ്രസിഡന്റുമാരായ വിളക്കുടി ചന്ദ്രന്‍, ഉമേഷ് ബാബു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.