• അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് അമ്പലവയലില്‍

  സി.ഡി.സുനീഷ്
   
  സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ദി ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കും. ദേശീയ സമ്മേളനവും ശില്‍പശാലകളും പ്രദര്‍ശനവും വിപണനവുമാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ഓര്‍ക്കിഡ് കൃഷികളുടെ കാര്‍ഷിക വൈവിധ്യം, വ്യാപനം, സാധ്യതകള്‍, വിപണനം തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യും. 200ഓളം പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടീല്‍ വസ്തുക്കള്‍, മറ്റ് സാങ്കേതിക സഹായങ്ങള്‍ എന്നിവയും വിപണനത്തിനായി പൂക്കളും ഒരുക്കിയിട്ടുണ്ട്. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഓര്‍ക്കിഡ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേക കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തി വയനാടിനെ പൂക്കൃഷി മേഖലയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓര്‍ക്കിഡ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഓര്‍ക്കിഡ് പരിചരണം, ഓര്‍ക്കിഡ് കൃഷിയുടെ നിലനില്‍പ്, ജൈവ പാരിസ്ഥിതിക സാമൂഹ്യ സാധ്യതകള്‍, ഔഷധ ഗുണം, ഫ്‌ളോറികള്‍ച്ചര്‍ സാധ്യതകള്‍ തുടങ്ങിയവയെല്ലാം ഓര്‍ക്കിഡ് ഫെസ്റ്റില്‍ ചര്‍ച്ച ചെയ്തു. അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ക്കിഡ് സൊസൈറ്റീസ് ഓഫ് ഇന്ത്യ ഈ പരിപാടിയിലെ പ്രധാന പങ്കാളിയാണ്. കര്‍ഷകര്‍ക്കും ഫാം ഉടമകള്‍ക്കും യുവതലമുറയില്‍പെട്ട നവാഗതരായ കാര്‍ഷികമേഖലയില്‍ താല്‍പര്യമുള്ളവര്‍ക്കും ശില്‍പശാലയിലും ഓര്‍ക്കിഡ് ഫെസ്റ്റിലും പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ , ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ തമ്മിലുള്ള സംവാദവും ഇതോടനുബന്ധിച്ച് ഉണ്ടാകും. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബുവിന്റേയും, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി.രാജേന്ദ്രന്റേയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നു. കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ടിക്കാറാം മീണയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചിട്ടയായ മേല്‍നോട്ടം വഹിക്കുന്നത്.
   
  വയനാട്ടിലെ പൂ കൃഷിയുടെ സാധ്യതകള്‍ കൂടി മനസ്സിലാക്കി പൂ കൃഷി മേഖലയാക്കി വയനാട്ടിനെ മാറ്റുന്ന പ്രഖ്യാപനവും ഇതോടെ നടക്കും. ഇതിനുള്ള മുന്നൊരുക്കം അന്തിമദശയിലാണെന്ന് അമ്പവലയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍, സവിശേഷ പുഷ്പവിള മേഖലയുടെ ചുമതലയുള്ള കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്സാണ്ടര്‍ എന്നിവര്‍ പറഞ്ഞു. 
  പനമരം ബ്ലോക്കിലെ പുല്‍പള്ളി, മുളളന്‍കൊല്ലി പഞ്ചായത്തുകളും ബത്തേരി ബ്ലോക്കിലെ ബത്തേരി നഗരസഭയും നൂല്‍പ്പുഴ, നെന്മോനി, മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളുമാണ് തുടക്കത്തില്‍ സവിശേഷ പുഷ്പവിള മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
   
   അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പത്തും മാനന്തവാടി പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലെ  20ഉംഏക്കര്‍  ഭൂമിയും പുഷ്പവിള മേഖലയുടെ ഭാഗമാണ്. പ്രഥമഘട്ടത്തില്‍ 70 ഏക്കറിലാണ് പുഷ്പവിളകള്‍ കൃഷി ചെയ്യുക. ഇതില്‍ അഞ്ചു വീതം ഏക്കര്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലുമായിരിക്കും. 
  പുഷ്പവിള മേഖലയില്‍ ഓര്‍ക്കിഡ്, ആന്തൂറിയം, റോസ്  ഇനങ്ങളും ജെര്‍ബറ, ചെണ്ടുമല്ലി, കുറ്റിമുല്ല, വാടാമുല്ല, ഹെലിക്കോണിയ, ഗ്ലാഡിയോലസ് എന്നിവയുമാണ് കൃഷി ചെയ്യുക.
  "വയനാട്ടിന്റെ പൂവസന്തം ഒരു ങ്ങുന്നതതോടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും  ഫാം ടൂറിസത്തിന്റെ സാധ്യതകളും ആണ് വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.