• നൂതനസാങ്കേതികവിദ്യയിലൂടെ കര്‍ഷകര്‍ക്ക് സുനിശ്ചിതനേട്ടം: ഐഐഐടിഎം-കെ യുടെ നേതൃത്വത്തില്‍ ഗവേഷക കൂട്ടായ്മ

  സി.ഡി.സുനീഷ്
   
  അതിനൂതന, വിപ്ലവാത്മക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ച് രാജ്യത്തെ കാര്‍ഷികമേഖലയുടെ അഭിവൃദ്ധി ഉറപ്പാക്കാനുള്ള സംരംഭവുമായി മുന്‍നിര ഗവേഷക സ്ഥാപനങ്ങള്‍  കൂട്ടായ്മ രൂപീകരിച്ചു. കാര്‍ഷികമേഖല നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ പ്രവചനാതീത സ്ഥിതി അവസാനിപ്പിച്ച് കര്‍ഷകര്‍ക്ക് സുനിശ്ചിതനേട്ടം ഉറപ്പാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഗവേഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കുന്നത്. ദ് കണ്‍സോര്‍ഷ്യം ഓഫ് റിസര്‍ച്ചേഴ്‌സ് ഫോര്‍ ഡിസ്‌റപ്റ്റീവ് ടെക്‌നോളജീസ് ഇന്‍ അഗ്രിക്കള്‍ച്ചര്‍(സിഡിടിഎ) എന്ന ഗവേഷക കൂട്ടായ്മ, സംസ്ഥാന ഐടി ഗവേഷണസ്ഥാപനമായ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള(ഐഐഐടിഎം-കെ), ഉത്തരാഖണ്ഡ് പന്ത് നഗറിലെ ജിബി പ്ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി(ഐഐഎസ്ടി) എന്നീ സ്ഥാപനങ്ങളിലെ ഗവേഷക, അക്കാദമിക വിദഗ്ധരുടെ സംരംഭമാണ്. സാങ്കേതിക രംഗത്തെ നൂതനസങ്കേതങ്ങളായ നിര്‍മിതബുദ്ധി(എഐ), ഡാറ്റ അനാലിസിസ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്(ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്(സിസി), അന്തരീക്ഷ-ബഹിരാകാശ നിരീക്ഷണം, ലഘു സെന്‍സറുകള്‍ എന്നിവയുടെ പ്രയോഗത്തിലൂടെ കാര്‍ഷികമേഖലയില്‍ വന്‍കുതിച്ചുചാട്ടം സാധ്യമാക്കുകയാണ് സാങ്കേതിക കൂട്ടായ്മയുടെ ലക്ഷ്യം. 
   
  രാജ്യത്തെ കാര്‍ഷികമേഖലയുടെ പ്രവചനാതീതമായ സ്വഭാവം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറികടക്കാന്‍ പുതിയ സാധ്യതകള്‍ തേടുകയാണ് സംഘം. നേട്ടം ഉറപ്പുവരുത്തി കൃഷിയുടെ ഓരോ ഘട്ടത്തിലും കര്‍ഷകര്‍ക്ക് വഴികാട്ടിയായി ഗവേഷക സംഘത്തിന്റെ ഇടപെടലുണ്ടാകും. കൃഷിയുടെ വൈവിധ്യം സംരക്ഷിച്ചുകൊണ്ടു തന്നെ, മുടക്കുമുതലിന് അനുകൂലഫലം ഉറപ്പുവരുത്താന്‍ സാമ്പത്തിക-ഭൗതിക സഹായമുള്‍പ്പെടെ നല്‍കും. കാര്‍ഷിക രംഗത്ത് നൂതനസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ മുതലെടുക്കുന്നതിനായി പുതിയ അറിവുകള്‍ രൂപപ്പെടുത്തുക, പ്രയോഗിക്കുക, പ്രചരിപ്പിക്കുക, പങ്കുവയ്ക്കുക എന്നിവയ്ക്കായി പുതിയ സംവിധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഗവേഷകര്‍ തിരിച്ചറിയുകയായിരുന്നു.  ഐഐഐടിഎം-കെയിലെ സി.വി.രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് അസോഷ്യേറ്റ് പ്രഫസര്‍ ഡോ. ആര്‍. ജയശങ്കര്‍, ജി.ബി. പ്ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ അഗ്രോ മീറ്റിയറോളജി വിഭാഗം മേധാവി പ്രഫ. അജീത് സിങ് നൈന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരും തിരുവനന്തപുരം ഐഐഎസ്ടി ഡയറക്ടര്‍ ഡോ.വി.കെ.ദധ്വാല്‍ മെന്ററുമായാണ് സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നത്. 
   
  കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും സുനിശ്ചിത കാര്‍ഷികവൃത്തി ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ക്ലൗഡ് സംവിധാനത്തില്‍ നൂതന വിള മാതൃകകള്‍ സൃഷ്ടിക്കുന്ന ആദ്യഘട്ട ശ്രമങ്ങളില്‍ വ്യാപൃതരാണ് ഗവേഷകര്‍. സുസ്ഥിരവികസനലക്ഷ്യം(എസ്ഡിജി) എന്ന ലക്ഷ്യത്തിലേക്കും ഇവരുടെ ശ്രമങ്ങള്‍ നീളുന്നുണ്ട്. അറിവുകളും ഉത്തമ കൃഷിരീതികളും പങ്കുവയ്ക്കുക, സഹശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും അതിനൂതന സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുക എന്നതും സിഡിടിഎയുടെ ലക്ഷ്യമാണ്. കാര്‍ഷിക ഉദ്യമത്തില്‍ പങ്കാളികളാകാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷകരുടെ സഹകരണവും തേടുന്നുണ്ട്. അംഗമാകാന്‍ സാമ്പത്തികമായ മുടക്കില്ല. ഈ മേഖലയില്‍ തങ്ങള്‍ക്കുള്ള പരിചയവും താല്‍പര്യവും സംഭാവനകളും വ്യക്തമാക്കുന്ന ചെറുകുറിപ്പ്  പേരും മറ്റുവിവരങ്ങളും ഉള്‍പ്പെടുത്തിei@iiitmk.ac.in എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം.