• സെല്‍ഫ്ഗോളടിച്ചു പരാജയത്തില്‍ അവസാനിച്ച ഒരു വീരനായകന്റെ കഥ ;ക്യാപ്റ്റന്‍

     
    മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാവുന്ന വിഭാഗത്തില്‍പ്പെടുത്താവുന്നവയാണ് സ്പോര്‍ട്സ് ബയോപിക്കുകള്‍. മലയാളത്തില്‍ മുന്‍മാതൃകകള്‍ ഇല്ലാത്ത അത്തരത്തിലൊരു കായികജീവചരിത്രസിനിമയെ വികാരഭരിതവും അതേസമയം സത്യസന്ധവുമായി അവതരിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. നവാഗതനായ ജി. പ്രജേഷ്സെന്നിന്റെ ക്യാപ്റ്റന്‍ എന്ന സിനിമ ആകര്‍ഷണീയമാകുന്നത് അവിടെയാണ്. അതും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സെല്‍ഫ്ഗോളടിച്ചു പരാജയത്തില്‍ അവസാനിച്ച ഒരു വീരനായകന്റെ കഥ. സച്ചിന്‍ ടെണ്ടുല്‍ക്കറും മഹേന്ദ്രസിംഗ് ധോണിയും മില്‍ഖാ സിംഗുമെല്ലാം സിനിമാവല്‍ക്കരണത്തിലുടെ കടന്നുപോയത് അവര്‍ വിപണി അറിയുന്ന കായിക താരങ്ങളായത് കൊണ്ടായിരുന്നു. സത്യനെ വിപണിക്ക് അറിയില്ലായിരുന്നു, സത്യന് വിപണിയെയും. ഒരു തരം അന്തര്‍മുഖത്വമായിരുന്നു സത്യന്റെ വിലാസം. 
     
    എന്നിട്ടും അകാലത്തില്‍ ജീവിതക്കളത്തില്‍ നിന്നും മറഞ്ഞ താരത്തെക്കുറിച്ചൊരു അനുസ്മരണ സിനിമ വരുമ്പോള്‍ ആ സന്തോഷത്തില്‍ കായികതയുണ്ട്. കളിക്കളത്തില്‍ കാരിരുമ്പായിരുന്നു സത്യന്‍. പ്രതിയോഗികളെ വരച്ച വരയില്‍ നിര്‍ത്തിയിട്ടുള്ള മന:ക്കരുത്തുള്ള റിയല്‍ ഡിഫന്‍ഡര്‍. അദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നാകനായപ്പോള്‍ അല്‍ഭുതം തോന്നി കാരണം അധികമാരോടും സംസാരിക്കാത്ത ഒരാളായിരുന്നു സത്യന്‍. കോഴിക്കോട്ട് വരുമ്പോള്‍ ഫുട്‌ബോളര്‍മാര്‍ ഞങ്ങള്‍ പത്രക്കാരെ വിളിക്കാറുണ്ട്. പക്ഷേ സത്യന്‍ വിളിക്കില്ല പോയി കണ്ടാല്‍ ചിരിക്കും, സംസാരിക്കും.