• കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മലയാളികള്‍ മരിച്ചു

    അറ്റകുറ്റപ്പണിക്കിടെ കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മലയാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വൈപ്പിന്‍ സ്വദേശി റംഷാദ്, ഏരൂര്‍ സ്വദേശികളായ കണ്ണന്‍, ഉണ്ണി, തേവര സ്വദേശി ജയന്‍, കോട്ടയം സ്വദേശി ശിവന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിന്റെ വാട്ടര്‍ ടാങ്ക് അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പുറത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും കൂടി എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചതെന്ന് സ്ഥലം സന്ദര്‍ശിച്ച കൊച്ചി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് പറഞ്ഞു. സ്‌ഫോടനത്തിന്റെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.