• ആര്‍.എം.പി.ഐ ഓഫീസ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു

    ഓര്‍ക്കാട്ടേരി ആര്‍.എം.പി.ഐ  ഓഫീസ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ആക്രമണത്തില്‍ നാല് ആര്‍.എ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആര്‍.എം.പി.ഐ ഓര്‍ക്കാട്ടേരി ലോക്കല്‍ സെക്രട്ടറി കെ.കെ ജയന്‍, ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം ഗോപാലന്‍, ആര്‍.എം.ടി.യു പ്രവര്‍ത്തകന്‍ വിപിന്‍ലാല്‍ എന്നിവര്‍ ആക്രമണ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇവര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. തുടര്‍ന്ന് ഗുഡ്സ് ഓട്ട ഡ്രൈവറായ ആര്‍.എം.പി.ഐ പ്രവര്‍ത്തകനായ ഒ.കെ ചന്ദ്രനെ വണ്ടി തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തതായി ആര്‍.എം.പി.ഐ പറയുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 
     
    ആര്‍.എം.പി.ഐ പ്രവര്‍ത്തകരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തെരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയാണെന്നാണ് ആര്‍.എം.പി.ഐയുടെ ആരോപണം. കാലങ്ങളായി ആര്‍.എം.പി.ഐയ്ക്ക എതിരെ സി.പി.ഐ.എം നടത്തുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നും ആര്‍.എം.പി.ഐ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ കണ്ണൂക്കരയിലെ ആര്‍.എം.പി.ഐ  ഓഫീസ് ഒരു സംഘമാളുകള്‍ അടിച്ചുതകര്‍ത്തിരുന്നു. ടിപി ചന്ദ്രശേഖരന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സുകളും നോട്ടീസ് ബോര്‍ഡുകളും അന്ന് അക്രമികള്‍ നശിപ്പിച്ചിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റവരെ വടകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്