• കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം കളിക്കില്ല

    ഐ.എസ്.എല്ലില്‍ നിര്‍ണായക മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം പരിക്ക് കാരണം ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. ഗോവക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ആരാധകരുടെ ഹ്യൂമേട്ടന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുള്ള ബ്ലാസ്റ്റേഴ്സ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 17 പോയിന്റുള്ള കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികള്‍.
     
    ഇന്ന് ജയിക്കാനായാല്‍ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ ജയിച്ചേ മതിയാകൂ. കേരളത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ ഹ്യൂമിന്റെ പുറത്താകല്‍ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.