• നടി ആക്രമിക്കപ്പെട്ട കേസില്‍ കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് പള്‍സര്‍ സുനി.

      കാശുള്ളവര്‍ കേസില്‍ നിന്ന് രക്ഷപെടുമെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനില്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുമോ എന്നാണ് സുനിലിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. കാശുള്ളവന്‍ കേസില്‍ നിന്നും രക്ഷപെടുമെന്നും കേസില്‍ താന്‍ മാത്രമായത് കണ്ടില്ലേ എന്നും സുനി ചോദിച്ചു.
     
    അതേസമയം കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രതികള്‍ ഒഴികെയുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. ഇവരുടെ റിമാന്‍ഡ് നീട്ടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വീണ്ടും ജയിലിലേക്ക് അയച്ചു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.
     
    നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.