• കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

    പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. 89 വയസായിരുന്നു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മടവൂരിലാണ് 1929ലാണ് വാസുദേവന്‍ നായര്‍ ജനിച്ചത്. പന്ത്രണ്ടാം വയസില്‍ മടവൂര്‍ പരമേശ്വരന്‍പിള്ളയുടെ ശിഷ്യനായി കഥകളി പഠനം ആരംഭിച്ച വാസുദേവന്‍ നായര്‍, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, ചെങ്ങന്നൂര്‍ രാമന്‍പിള്ള എന്നിവരുടെ കീഴില്‍ പഠനം തുടര്‍ന്നു. പതിനാറു വയസ് മുതല്‍ പന്ത്രണ്ടു വര്‍ഷം തുടര്‍ച്ചയായി ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ കീഴില്‍ ഗുരുകുല സമ്പ്രദായത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്. 
     
    മുപ്പത് വയസ് വരെ മിനുക്കു വേഷങ്ങള്‍ അണിഞ്ഞിരുന്ന മടവൂര്‍ പിന്നീട് ഗുരു രാമന്‍പിള്ളയുടെ പാത പിന്‍തുടര്‍ന്ന് കത്തി വേഷങ്ങള്‍ ചെയ്തു തുടങ്ങി. പച്ചയും കത്തിയും താടിയും മിനുക്കുവേഷങ്ങളുമെല്ലാം ഒരേ പ്രാഗല്‍ഭ്യത്തോടെ അദ്ദേഹം അരങ്ങില്‍ അവതരിപ്പിച്ചു 1967 മുതല്‍ 1977 വരെ പത്തുവര്‍ഷക്കാലം കലാമണ്ഡലത്തിലെ തെക്കന്‍ കളരിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1978 തിരുവന്തപുരം ജില്ലയിലെ പകല്‍ക്കുറിയില്‍ തെക്കന്‍ കളരിയ്ക്കായി ഒരു കഥകളികേന്ദ്രം ആരംഭിച്ചു. കലാഭാരതി കഥകളി വിദ്യാലയം" എന്ന പ്രസ്തുത കഥകളികേന്ദ്രത്തിന്റെ പ്രഥമ പ്രിന്‍സിപ്പാള്‍ മടവൂര്‍ വാസുദേവന്‍ നായരായിരുന്നു. സാവിത്രിയാണ് ഭാര്യ. മധു, മിനി ബാബു, ഗംഗാ തമ്പി എന്നിവര്‍ മക്കളാണ്.