• ജീവിതം മാറ്റിമറിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കൈ സഹായവുമായി നിക്ഷേപകര്‍

  പ്രത്യേക ലേഖകന്‍
   
  സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ തങ്ങളുടെ നൂതന സംരംഭങ്ങളെ  നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനിറങ്ങിതിരിച്ച ഒരു സംഘം യുവാക്കള്‍ക്ക്   പിന്തുണയുമായി നിക്ഷേപകരെത്തി. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ മലബാര്‍ കേന്ദ്രീകരിച്ചു നടത്തുന്ന സ്റ്റാര്‍ട്ടപ് മേളയിലെ രണ്ടാംദിനം സംഘടിപ്പിച്ച സീഡിംഗ് കേരള-യില്‍  ജനശ്രദ്ധയാകര്‍ഷിച്ച സംരംഭങ്ങള്‍ക്ക് നിക്ഷേപ കരാര്‍ ലഭിച്ചു. ദിവസവും രാവിലെ കണ്ണാടിയില്‍ നോക്കുമ്പോള്‍ കുടവയറുണ്ടെങ്കില്‍  വ്യായാമം ചെയ്യണമെന്ന് പറയുന്ന വെര്‍ച്വല്‍ റിയാലിറ്റി ഡ്രസിംഗ് റൂമായ പെര്‍ഫക്ട് ഫിറ്റ്, രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യപ്രശ്നങ്ങളിലൊന്നായ മാന്‍ഹോള്‍ ശുചീകരണം ശാശ്വതമായി പരിഹരിക്കാനുള്ള ബാന്‍ഡിക്കൂട്ട്(പെരുച്ചാഴി) എന്ന റോബോട്ട്, സ്മാര്‍ട്ട് കിച്ചണ്‍ ഉപകരണങ്ങള്‍ രൂപകല്പന ചെയ്യുന്ന സെക്ടര്‍ ക്യൂബ് എന്നിവയ്ക്കാണ് നിക്ഷേപം ലഭിച്ചത്. രാജ്യത്തെ പ്രമുഖ നിക്ഷേപകരായ യൂണികോണ്‍ വെന്‍ച്വേഴ്സാണ് മൂന്നു സംരംഭങ്ങളിലും നിക്ഷേപം നടത്തിയത്. കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി കരാര്‍ കൈമാറി.
   
  വസ്ത്രവ്യാപാര ശാലകള്‍, സ്‌കൂള്‍, വ്യക്തിഗത ഉപയോഗം എന്നിങ്ങനെയാണ് പെര്‍ഫക്ട് ഫിറ്റ് എന്ന സ്റ്റാര്‍ട്ടപ്പിലൂടെ ഇയോബിന്‍ അലക്സ് ജോര്‍ജ്  ലക്ഷ്യം വയ്ക്കുന്നത്. ശാരീരിക അളവുകള്‍ എടുത്ത് നമ്മുടെ ഇഷ്ടത്തിനനുസരിച്ച ഫാഷനില്‍ തുണി മുറിച്ച്  നല്‍കുകയാണ് ഇത് ചെയ്യുന്നത്.  വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയിലൂടെയാണ് കണ്ണാടി ആരോഗ്യവും ശരീരവടിവും അവലോകനം ചെയുന്നത്. ആകാരഭംഗി വരുത്താനുള്ള വ്യായാമരീതിയും ഈ കണ്ണാടി നിര്‍ദ്ദേശിക്കും.ഈ സംരംഭം വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറായാല്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അളവുകളെടുത്ത് ഏതു ഭാഗത്തും തയ്യല്‍ ജോലി നടത്താം. കുട്ടികളുടെ അളവെടുത്ത് 300 സെക്കന്റിനുള്ളില്‍ സ്‌കൂള്‍ യൂണിഫോമിന്റെ തുണി വെട്ടിതയ്ക്കാന്‍ പാകത്തിനാക്കുമെന്നാണ് ഇയോബിന്‍ പറയുന്നത്. തയ്യല്‍ ജോലികളുടെ വ്യാപകമായ പുറംപണി കരാര്‍ ഇതുവഴി സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചി സ്വദേശിയായ ഈ ചെറുപ്പക്കാരന്‍.
   
  എന്‍ജിനീയര്‍മാരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നാണ് ജെന്റോബോട്ടിക്സ് എന്ന സംരംഭം ആരംഭിച്ചത്. എന്നാല്‍ സാമ്പത്തിക സ്ഥിതി പരുങ്ങലിലായതോടെ അവര്‍ക്ക് മറ്റു ജോലികളിലേക്ക് മാറേണ്ടി വന്നു. പിന്നീട് കേരള സ്റ്റാര്‍ട്ട്പ്പ് മിഷ ന്റെ ശ്രമഫലമായാണ് അവരെയെല്ലാം തിരികെ കൊണ്ടു വന്ന് വിപ്ലവകരമായ റോബോട്ടിന് രൂപം നല്‍കാന്‍ പ്രേരിപ്പിച്ചത്. എന്‍ജിനീയര്‍മാരെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍കയ്യെടുത്ത് മറ്റിടങ്ങളില്‍ നിന്നും രാജി വയ്പ്പിച്ച് ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് ഡോ. സജി ഗോപിനാഥ് പറയുന്നു. പിന്നീട് ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ധനസഹായം നല്‍കിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഏഴുമാസത്തിനുള്ളില്‍ തന്നെ ഇവര്‍ക്ക് ആദ്യ നിക്ഷേപം കിട്ടിയെന്നത് സ്റ്റാര്‍ട്ടപ്പ് മിഷനെ സംബന്ധിച്ച് അഭിമാനം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
   
  രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക പ്രശ്നമാണ് തോട്ടിപ്പണിയെന്ന് ജെന്റോബോട്ടിക്സിന്റെ ഡയറക്ടര്‍മാരായ വിമല്‍ ഗോവിന്ദും റാഷിദും പറയുന്നു. മാലിന്യക്കുഴിയില്‍ ഇറങ്ങാതെ തൊഴിലാളികള്‍ക്ക് ഈ റോബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അതിനാല്‍തന്നെ ഇവരുടെ തൊഴില്‍ നഷ്ടമാകുമെന്ന ഭീഷണിയുമില്ലെന്ന് ഇരുവരും പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കിയ സഹായത്തെക്കുറിച്ച് സെക്ടര്‍ ക്യൂബിന്റെ സിഇഒ നിബു ഏലിയാസിനും ഏറെ പറയാനുണ്ട്. 2011-ലാണ് ഇവര്‍ തങ്ങളുടെ ആശയം വികസിപ്പിച്ചു തുടങ്ങിയത്.  ഒട്ടേറെ വിഷമസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ എല്ലാ സഹായങ്ങളും ചെയ്തു. കൊച്ചിയിലെ മേക്കര്‍വില്ലേജിലാണ് കമ്പനി ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. പേറ്റന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സ്റ്റാര്‍ട്ടപ്പ് മിഷന്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.