• ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയും.

     
     നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയും. കേസിലെ എല്ലാ പ്രതികളും ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാകും. കുറ്റപത്രത്തിനൊപ്പം പോലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ വിചാരണസമയത്തു പോലീസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പോലീസ് പ്രതിഭാഗത്തിനു കൈമാറിയിട്ടുണ്ട്. മൊഴിപകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ നല്‍കിയത്.
     
     ഇവ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രതിഭാഗത്തിന് ഇന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികള്‍ക്കും നേരത്തെത്തന്നെ കുറ്റപത്രം കൈമാറിയിട്ടുള്ളതാണ്. ഈ കേസുമായി ബന്ധപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലുള്ള ഹര്‍ജികളില്‍ തീര്‍പ്പായാല്‍ ഇന്നുതന്നെ ഈ കേസ് വിചാരണക്കോടതിയിലേക്ക് അയയ്ക്കാനുള്ള നടപടി അങ്കമാലി കോടതിയില്‍നിന്നുണ്ടായേക്കും.