• ശ്രീജിത്ത് വിജയന്‍ കേസ് ;വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു

     ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് കരുനാഗപ്പള്ളി കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്‌ക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസ് കമാല്‍ പാഷ വിലക്ക് സ്റ്റേ ചെയ്തത് . ഇതോടെ ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്കോ വാര്‍ത്താസമ്മേളനം നടത്തുന്നതിന് മറ്റുകക്ഷികള്‍ക്കോ മുന്നിലുള്ള തടസങ്ങള്‍ നീങ്ങി. സാമ്പത്തിക തട്ടിപ്പ് കേസ് സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അതിനാല്‍ അത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നുമുള്ള ശ്രീജിത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി വിലക്ക്.
     
    ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനും രാഹുല്‍ കൃഷ്ണയ്ക്കും നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് കമാല്‍ പാഷ ഉത്തരവിട്ടു. കീഴ്‌ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒരു മാധ്യമസ്ഥാപനം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ, ബിനോയ് കോടിയേരിയുടെ പണതട്ടിപ്പ് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടാനിരുന്ന യുഎഇ പൗരന്‍, വാര്‍ത്താസമ്മേളനം റദ്ദാക്കുകയും മടങ്ങിപ്പോവുകയും ചെയ്തിരുന്നു. വാര്‍ത്തകള്‍ വിലക്കിയ കരുനാഗപ്പള്ളി കോടതിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.