• കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

     കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മനു, ശ്യാം,ലൈജു, ദീപു, കിരണ്‍, വിഷ്ണു, സുജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദീപു പഞ്ചായത്തംഗമാണ്. നേരത്തെ,സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കടയ്ക്കല്‍ പോലീസ് കേസെടുത്തിരുന്നു. കുരീപ്പുഴയ്ക്കുനേരെ നടന്ന ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
     
    കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍വച്ചാണ് തിങ്കളാഴ്ച രാത്രി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞിരുന്നു. കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കൈയേറ്റമുണ്ടായത്.