• പൈതൃക വൈവിധ്യത്തിന്റെ ആഘോഷമായി ഇന്ത്യാ പൈതൃക പദയാത്രോത്സവം-2018, അടുത്ത മാസം

  സി.ഡി.സുനീഷ്
   
  കൊച്ചി, പൈതൃകം പരിപാലിക്കുക എന്നാല്‍ നമ്മുടെ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ പരിരക്ഷിക്കുക എന്നാണര്‍ത്ഥം. പൈതൃക സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ അറിയാനും അറിയിക്കാനും പരിരക്ഷിക്കാനും ആയി ഒരു പൈതൃക സഞ്ചാരം ഒരുങ്ങുന്നു. ഇന്ത്യയുടെ പൈതൃക വൈവിധ്യം തേടി  ഫെബ്രുവരിയില്‍ 20 നഗരങ്ങളിലും പട്ടണങ്ങളിലുമായി  നടക്കുന്ന ഇന്ത്യ ഹെരിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ (ഐഎച്ച്എഫ്ഡബ്ല്യു) എന്ന ഒരു മാസത്തെ പൈതൃകയാത്രോത്സവത്തിന് സഹാപീഡിയ   ഒരുങ്ങി. കേരളത്തില്‍ തൃപ്പൂണിത്തുറയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ പ്രത്യക്ഷവും അല്ലാത്തതുമായ പരമ്പരാഗത സംസ്‌കാരത്തെ തൊട്ടറിയാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുക എന്നതാണ് യെസ് കള്‍ച്ചര്‍-ന്റെ സഹകരണത്തോടെ സഹാപീഡിയ സംഘടിപ്പിച്ചിട്ടുള്ള പദയാത്രയുടെ ലക്ഷ്യം. ചരിത്ര സ്മാരകങ്ങള്‍, പുണ്യസങ്കേതങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍, കലാ-സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഭക്ഷണശൈലി, സമ്പന്നമായ വാണിജ്യം തുടങ്ങിയവയാണ് പദയാത്രകളുടെ ലക്ഷ്യമായി കണ്ടിരിക്കുന്നത്. സാംസ്‌കാരിക വിഷയങ്ങള്‍ പ്രമേയമാക്കിയ ഓണ്‍ലൈന്‍ ഡോക്കുമെന്ററി മേളയും "ബൈഥക്, ഇന്‍സ്റ്റാമീറ്റ് എന്നീ പ്രഭാഷണ പരമ്പരകളും ഒരു മാസത്തിനുള്ളില്‍ പദയാത്രയുടെ ഭാഗമായി നടക്കുന്ന 70 പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
   
  പദയാത്രയുടെ ആരംഭദിനമായ ഫെബ്രുവരി മൂന്നിന് ഡല്‍ഹിയില്‍ രണ്ടും അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഓരോ യാത്രയും നടത്തും. നമ്മുടെ പൂര്‍വികരുടെ ജീവിതരീതികളും അന്നത്തെ നാട്ടുനടപ്പുകളും മനസിലാക്കാന്‍ ഏറ്റവും അനുയോജ്യമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് സഹാപീഡിയ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സുധാ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനുമുള്ള പൊതു ഇടപെടലുകളുടെ ഭാഗമായാണ് ഇത്തരം സംരംഭങ്ങളെ കാണേണ്ടതെന്ന് യെസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ റാണാ കുമാര്‍ പറഞ്ഞു.  ഈ സംരംഭത്തില്‍ നാട്ടുകാരടങ്ങുന്ന ജനങ്ങളുടെ പങ്കാളിത്തം രാജ്യത്തിന്റെ അന്തസുയര്‍ത്തുന്നതിനൊപ്പം പൈതൃക വികസനത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യുമെന്ന്  യെസ് ബാങ്കിന്റെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിന്റെ ബൗദ്ധിക കേന്ദ്രമായ യെസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാംസ്‌കാരിക വിഭാഗമാണ് പൈതൃക പദയാത്രയുടെ സംഘാടനത്തില്‍ സഹാപീഡിയയുടെ പങ്കാളിയായ യെസ് കള്‍ച്ചര്‍. 
  ഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവയ്ക്കുപുറമെ ജയ്പൂര്‍, ഉദയ്പൂര്‍, ആഗ്ര, ശ്രീനഗര്‍, അരുണാചല്‍ പ്രദേശിലെ ഇതാനഗര്‍ എന്നിവയും പദയാത്രയുടെ പരിധിയില്‍ പെടുന്നു. പ്രത്യേക പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന യാത്രകള്‍     നയിക്കുന്നത് ഈ വിഷയങ്ങളിലെ വിദഗ്ധരാണ്. മ്യൂസിയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, പ്രകൃത്യാ പ്രത്യേകതയുള്ള സ്ഥലങ്ങള്‍, പ്രത്യേക ഭക്ഷണശൈലിയുള്ള പ്രദേശങ്ങള്‍ എന്നിവ യാത്രാപരിപാടിയില്‍ പെടും. ഇത്തരം സ്ഥാവര കേന്ദ്രങ്ങള്‍ക്കുപുറമെ വസ്ത്രനിര്‍മാണം, സാഹിത്യം, ഭക്ഷണം തുടങ്ങിയ പരോക്ഷ ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുംബൈയിലും ജയ്പൂരിലും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും യാത്രയില്‍ പങ്കെടുക്കാം. പൈതൃകവിഷയങ്ങളെ ജനങ്ങളിലേയ്‌ക്കെത്തിക്കുന്നതില്‍അര്‍പ്പണബുദ്ധിയുള്ള ഗവേഷകരും ഇക്കാര്യത്തില്‍ അഭിനിവേശമുള്ളവരുമാണ് യാത്ര നയിക്കുന്നതെന്ന് ഐഎച്ച്ഡബ്ല്യുഎഫ്-2018 ഡയറക്ടര്‍ വൈഭവ് ചൗഹാന്‍ അറിയിച്ചു. പദയാത്രകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് http://www.indiaheritagewalkfestival.com/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. 
  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ഓണ്‍ലൈന്‍ ഡോക്കുമെന്ററി പ്രദര്‍ശനം സഹാപീഡിയയുടെ യുട്യൂബ് ചാനലിലൂടെയാണ് നടത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍, അഞ്ജലി മൊണ്ടീറോ, കെ.പി ജയശങ്കര്‍ തുടങ്ങിയവരുടെ ക്ലാസിക്കുകളും ഇവയ്‌ക്കൊപ്പം പ്രദര്‍ശിപ്പിക്കും. അഹമ്മദാബാദില്‍ നടത്തുന്ന പദയാത്ര കോട്ടനഗരത്തിനുള്ളില്‍ വിവിധ ആരാധനാലയങ്ങളടങ്ങിയ  ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിലാണ്. മറ്റു നഗരങ്ങളിലും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ ഇതാനഗറില്‍ സ്ഥിരമായി യുദ്ധവിമാനാപകടം നടക്കുന്ന പ്രദേശമാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീഴുന്നതുമായി ബന്ധപ്പെട്ടുള്ള ഐതീഹ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ വ്യോമയാനചരിത്രം മനസിലാക്കുക എന്നതും  ഈ യാത്രയുടെ ലക്ഷ്യമാണ്.