• പകര്‍ച്ചവ്യാധികള്‍ മടങ്ങിവരുന്നതിന് കാരണം ജലമലിനീകരണം: പ്രഫ. ജയകൃഷ്ണന്‍

     
     കേരളത്തില്‍ നിര്‍മാര്‍ജനം ചെയ്തുവെന്ന് കരുതിയതടക്കമുള്ള പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരുന്നതിന്റെ പ്രധാന കാരണം പൊതു ശുചിത്വത്തിന്റെ പോരായ്മയും ജലമലിനീകരണവുമാണെന്ന് പ്രഫ് എ ജയകൃഷ്ണന്‍. സംസ്ഥാന സയന്‍സ് കോണ്‍ഗ്രസില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറും ചെന്നൈ് ഐഐടി പ്രഫസറുമായ അദ്ദേഹം. വൈറസുകളും ബാക്ടീരിയകളും കാരണമുള്ള പകര്‍ച്ചവ്യാധികള്‍ എന്തുകൊണ്ട് കേരളത്തില്‍ വീണ്ടും തലപൊക്കുന്നുവെന്ന് നമ്മള്‍ ആലോചിക്കണം. ഇതില്‍ ഏറ്റവും പ്രധാനം വെള്ളമാണെന്ന് നിസംശയം പറയാം. ഒരു രാജ്യം വിസിതമാണോ വികസ്വരമാണോ എന്ന് വിലയിരുത്താന്‍ കുടിക്കാന്‍ ലഭ്യമാകുന്ന് വെള്ളത്തിന്റെ ശുദ്ധി പരിഗണിച്ചാല്‍ മതി. ഏത് വെള്ളവും ധൈര്യമായി കുടുക്കാന്‍ കഴിയുന്നതാകണം. 
     
    വെള്ളം നല്ലതാണെങ്കില്‍ ജീവിതഗുണനിലവാരവും ഉയര്‍ന്നതാണെന്ന് പറയാനാകും. പൊതുശുചിത്വത്തിന്റെയും ജലം മലിനമാകുന്നത് തടയുന്നതിന്റെയും കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കൊപ്പം ജനങ്ങള്‍ക്കും പ്രധാന ഉത്തരവാദിത്തമുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളും ഇന്ന് ധാരാളമായി കണ്ടുവരുന്നുണ്ട്. ശാസ്ത്രീയവും ശുചിത്വപൂര്‍ണവുമായ അറവ്ശാലകള്‍ ഉണ്ടാവുക ഇക്കാര്യത്തില്‍ പ്രധാനമാണ്. വിജ്ഞാനവിരോധ ചിന്താഗതി ഒഴിവാക്കി യുക്തിപൂര്‍ണവും വസ്തുനിഷ്ഠവുമായ സ്വതന്ത്ര ചിന്തയെ സ്വീകരിക്കാന്‍ യുവ തലമുറ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.