• ഭാവന വിവാഹിതയായി

     മലയാളത്തിന്റെ പ്രിയനടി ഭാവന വിവാഹിതയായി. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ച് കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്‍ ആണ് ഭാവനയ്ക്ക് വരണ മാല്യം ചാര്‍ത്തിയത്.തികച്ചും കേരളീയ രീതിയില്‍ ആണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം ജവഹര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം നടക്കും. ബന്ധുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രം പ്രവേശനമുള്ള ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക് വിരുന്നൊരുക്കിയിരിക്കുന്നത്. വിവാഹസത്കാരത്തിനുശേഷം നവദമ്പതികള്‍ മാധ്യമങ്ങളെ കാണുമെന്നറിയിച്ചിട്ടുണ്ട്. 
     
    പി.സി ശേഖര്‍ സംവിധാനം ചെയ്ത റോമിയോ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ സൗഹൃദത്തിനും, പ്രണയത്തിനും ശേഷമാണ് ഇരുവരും ഇപ്പോള്‍ വിവാഹിതരാകുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഡിസംബര്‍ ആദ്യം വിവാഹം നടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിലെത്തിയത്. തുടര്‍ന്ന് കന്നഡ, തെലുഗു തുടങ്ങി നിരവധി അന്യഭാഷാ ചിത്രങ്ങളില്‍ മികച്ച പ്രകടനം താരം കാഴ്ച വച്ചിരുന്നു.