തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ജയസൂര്യയുടെ ആട് 2-ല്‍ നിന്ന് ഒഴിവാക്കപ്പെട്ട രണ്ടാമത്തെ രംഗവും ഫ്രൈഡേ ഫിലിംസ് പുറത്തുവിട്ടു. ആദ്യം പുറത്തുവിട്ട രംഗത്തിനു ലഭിച്ചതു പോലെ തന്നെ ആവേശം നിറഞ്ഞ സ്വീകരണമാണ് ഈ വീഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്. ഷാജി പാപ്പാന് ഉള്‍പ്പെട്ട രംഗമാണ് ആദ്യം പുറത്തിറക്കിയത് എങ്കില്‍ രണ്ടാമത്തെ വീഡിയോയില്‍ പാപ്പന് ഇല്ല. മറിച്ച്, സുധി കൊപ്പ അവതരിപ്പിച്ച കഞ്ചാവ് സോമനും ബിജുക്കുട്ടന്റെ ബാറ്ററി സൈമണുമാണ് ഇതില്‍ ഉള്ളത്. ഇരുവരും ജീപ്പില്‍ പോകുമ്പോള്‍ ഉള്ള രസകരമായ സംഭാഷണമാണ് വീഡിയോയുടെ ഉള്ളടക്കം. 21 സെക്കന്റുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോ പുറത്തുവിട്ട് അരമണിക്കൂര്‍ തികയും മുന്‍പ് തന്നെ ആയിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
തിയേറ്ററുകളില്‍ പരാജയമാകുകയും ടൊറന്റില്‍ ഹിറ്റാകുകയും ചെയ്ത "ആട് ഒരു ഭീകരജീവിയാണ്" എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ "ആട് 2" അത്ഭുതകരമായ വിജയമാണ് ബോക്സ് ഓഫീസില്‍ സ്വന്തമാക്കിയത്. മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ജയസൂര്യയ്ക്കു പുറമെ വിനായകന്, സൈജു കുറുപ്പ്, ധര്മ്മജന് ബോള്‍ഗാട്ടി, സണ്ണി വെയിന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.