• പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ജനയുഗം എഡിറ്റര്‍

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ജനയുഗം എഡിറ്ററും മുതിര്‍ന്ന സി.പി.ഐ നേതാവുമായ രാജാജി മാത്യു തോമസ് രംഗത്ത്. പിണറായി വിജയന്റെ നിലപാടുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും തുല്യമാണെന്നും രാജാജി മാത്യു തോമസ് കുറ്റപ്പെടുത്തി. എറണാകുളം സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം. മാധ്യമങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന സമീപനം അത്യന്തം അപകടമാണെന്ന് പറഞ്ഞ രാജാജി മാത്യൂ തോമസ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് "കടക്ക പുറത്തെന്ന്" പറഞ്ഞതിനെതിരെയും രംഗത്തെത്തി.
     
    "കടക്ക് പുറത്ത് എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ആശയ വിനിമയത്തിന് സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ല" രാജാജി മാത്യു പറഞ്ഞു. പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് മറു ചോദ്യങ്ങള്‍ ഭയന്നിട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സി.പി.ഐ നേതൃത്വവും സി.പി.ഐ.എം നേതൃത്വവും പരസ്പരം വാദ പ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രത്തിന്റെ എഡിറ്റര്‍ രംഗത്ത വരുന്നത്. നേരത്തെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപി.ഐ.എം നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കി സി.പി.ഐ. ജില്ലാ സെക്രട്ടറി ശിവരാമനും രംഗത്തെത്തിയിരുന്നു.