• മുഖ്യമന്ത്രിയെയും മണിയെയും വിമര്‍ശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം

     മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണിക്കും സിപിഐ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ഓഖി ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രിക്കു വീഴ്ച സംഭവിച്ചു. മൂന്നാറില്‍ മണി സ്വീകരിച്ചത് തെറ്റായ നിലപാടാണെന്നും പത്തനംതിട്ട സിപിഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ജനകീയ വിഷയങ്ങളില്‍ സി.പി.ഐക്ക് ലഭിക്കുന്ന പിന്തുണ സി.പി.ഐ.എമ്മിനെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ടാണ് തങ്ങള്‍ക്കുനേരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. നേരത്തേ കെ.എം മാണിയെ മുന്നണിയില്‍ എടുക്കാനുള്ള തീരുമാനത്തെ തങ്ങള്‍ എതിര്‍ത്തിരുന്നു. വരാന്‍ തയ്യാറുള്ള എല്ലാവരെയും മുന്നണിയില്‍ എടുക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചിരുന്നു. 
     
    സി.പി.ഐ ദുര്‍ബലമായാല്‍ പാര്‍ട്ടി ശക്തിപ്പെടുമെന്ന ധാരണ തെറ്റാണെന്നും പാര്‍ട്ടി ആരോപിച്ചു. നേരത്തേ സി.പി.ഐ കോട്ടയം ജില്ലാസെക്രട്ടറി സി.കെ. ശശിധരനും സി.പി.ഐ.എമ്മിനെ കടന്നാക്രമിച്ചിരുന്നു. സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതായി മാറികൊണ്ടിരിക്കുകയാണെന്നും വിമര്‍ശനമുണ്ടായിരുന്നു. കെ.എം. മാണിയെ യാതൊരു കാരണവശാലും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.