• പൂപ്പൊലി മൈതാനത്ത് കര്‍ഷകര്‍ക്ക് കൂട്ടായി എഫ്.ഐ.ബി

     പൂപ്പൊലിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കാവുന്ന സഹായ പദ്ധതികളെ കുറിച്ച് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സ്റ്റാളില്‍ നിന്നറിയാം. കര്‍ഷകര്‍ക്കായി കൃഷിയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് ആവശ്യമായ ജലസേചന സൗകര്യം, തെങ്ങ് കൃഷി, ജൈവവള യൂണിറ്റ്, തെങ്ങ് കയറ്റ യന്ത്രം,തെങ്ങിന്‍ തൈ വാങ്ങല്‍ എന്നിവയ്ക്കുള്ള ധന സഹായം, കേരവൃക്ഷ ഇന്‍ഷൂറന്‍സ് പദ്ധതികളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഈ വര്‍ഷത്തില്‍ ഒരു പുതുമയായി കര്‍ഷകര്‍ക്ക് നേരിട്ട് എല്ലാ തരത്തിലുള്ള ആവിശ്യങ്ങള്‍ക്കും കൃഷി മന്ത്രിയുമായി നേരിട്ട് ആശയ വിനിമയം നടത്താനുതകുന്ന സംവിധാനങ്ങളോടുകൂടിയാണ് പൂപ്പൊലി നഗരിയില്‍ എഫ്.ഐ.ബി. പ്രവര്‍ത്തിക്കുന്നത്. 
     
    വാട്‌സ് ആപ്പ് മുഖേനയോ കാര്‍ഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജ് മുഖേനയോ കൃഷിമന്ത്രിയുമായി നേരിട്ട് സംസാരിക്കാമെന്ന് അധികൃതര്‍ പറയുന്നു. തേനീച്ച കര്‍ഷകര്‍ക്കായി ചെറുതേനും തേനീച്ചയും, കേരകര്‍ഷകര്‍ക്കായി തെങ്ങ് എന്ന കല്‍പവൃക്ഷം, മട്ടുപ്പാവ് കര്‍ഷകര്‍ക്കായി സുരക്ഷിത പച്ചക്കറി കൃഷിക്ക് ഒരു മാര്‍ഗരേഖ, കൃഷി പാഠാവലി, ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീര കൈപുസ്തകം, തുടങ്ങി നിരവധി പുസ്തകങ്ങള്‍ തികച്ചും സൗജന്യമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കുന്നു.