• മലയോര നാട്ടിലും നാളികേരത്തിന്റെ വില കുതിച്ചുയരുന്നു.

     വെളിച്ചെണ്ണയുടെ വിലയും ഉയരങ്ങളിലേക്ക് തന്നെ. കിഴക്കന്‍ മേഖലയിലെ മാര്‍ക്കറ്റില്‍ നാളികേരം കിലോയ്ക്ക് അന്‍പത്തഞ്ച് മുതല്‍ അറുപത് രൂപയ്ക്ക് വരെയാണ് വില്‍പന നടത്തുന്നത്. എന്നാല്‍ വില കുതിച്ച് ഉയരുമ്പോഴും അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. ഉയര്‍ന്ന വില ലഭിക്കുമ്പോഴും വില്‍ക്കാന്‍ നാളികേരമില്ലെന്നതാണ് കര്‍ഷകരുടെ സങ്കടം. പത്തനാപുരം , പുനലൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളിലെ മാര്‍ക്കറ്റുകളില്‍ ഓച്ചിറ, കരുനാഗപ്പളളി, പാലക്കാട് ,സേലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് തൊണ്ടോടു കൂടിയ തേങ്ങകളും പൊതിച്ച തേങ്ങകളും എത്തുന്നത്.
     
    സെപ്തംബര്‍ മുതല്‍ നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞിരുന്നു. ആവശ്യത്തിന് നാളികേരം ലഭിക്കാത്തതാണ് വില കുത്തനെ ഉയരാന്‍ കാരണം. വില ഉയര്‍ന്നതോടെ സംഭരിച്ച തേങ്ങ ആദ്യ ആഴ്ചകളില്‍ തന്നെ കര്‍ഷകര്‍ വിറ്റഴിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് തേങ്ങയുടെ ഉത്പാദനം കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കനത്ത ചൂട് ഉത്പാദനത്തെ കാര്യമായി ബാധിച്ചു. ഇതോടെ വളമിടാനും കര്‍ഷകര്‍ മടി കാണിച്ചു. ഇതുമൂലം ഉത്പാദനം മൂന്നിലൊന്നായി ചുരുങ്ങി. പതിനായിരം തേങ്ങ കിട്ടിയിരുന്ന കര്‍ഷകന് ഇപ്പോള്‍ മൂവായിരത്തില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.
     
    ഓണക്കാലം മുതല്‍ തേങ്ങയുടെ വില ഉയര്‍ന്ന് നില്‍ക്കുകയാണ്. എന്നാല്‍ ഈ മാസങ്ങളില്‍ ഉത്പാദനം കുറവാണെങ്കിലും അടുത്ത സീസണില്‍ കൂടുതല്‍ തേങ്ങ ലഭിച്ചാല്‍ വില ഇടിയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില വര്‍ദ്ധനവ് മൂലം വിപണനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍പ് പത്ത് തേങ്ങ വാങ്ങുന്നവര്‍ ഇപ്പോള്‍ അത് അഞ്ചായി കുറച്ചു. കുതിച്ചുയരുന്ന വെളിച്ചെണ്ണ വില ലിറ്ററിന് 230 രൂപയിലെത്തി നില്‍ക്കുകയാണ്. ജി.എസ്.ടി ചുമത്തിയതാണ് വില ഉയരാനുള്ള ഒരു കാരണം. വില ഉയരുന്നതോടെ മറ്റ് എണ്ണകള്‍ മാര്‍ക്കറ്റില്‍ വ്യാപകമാവുകയും ചെയ്തിട്ടുണ്ട്. പാമോയിലും സൂര്യകാന്തി എണ്ണയും കൂടുതലായി മാര്‍ക്കറ്റിലേക്ക് എത്തുകയാണ്. കൂടാതെ തമിഴ്നാട്ടില്‍ നിന്ന് ഉള്‍പ്പെടെ വ്യാജ വെളിച്ചെണ്ണകളും എത്തുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.