• മദ്യപസംഘം ബൈക്കുകളെ പിന്തുടര്‍ന്നു ഇടിച്ചുതെറിപ്പിച്ചു

     അഞ്ചല്‍ വിളക്കു പാറയില്‍ മദ്യപിച്ച് കാറോടിച്ച സംഘം മൂന്ന് ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു. വിളക്കുപാറ ഇടമണ്‍ റോഡിലാണ് സംഭവം.  ഇടമണ്‍ ഭാഗത്തുനിന്ന് വിളക്കുപാറയിലേക്ക് വന്ന ബൈക്കുകളെ പിന്തുടര്‍ന്നു വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയും കാറിലുണ്ടായിരുന്ന മൂന്നംഗസംഘം ഇറങ്ങി ബൈക്ക് യാത്രകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിനു ശേഷം കാറുമായി കടന്ന സംഘം ഓയില്‍പാം  എസ്റ്റേറ്റിനുളളില്‍ കയറി ഒളിച്ചു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ എസ്റ്റേറ്റിനുളളില്‍ നിന്ന് മദ്യപസംഘത്തെയും കാറും  കണ്ടെത്തി. ഓയില്‍ പാം  എട്ടാം ബ്ലോക്ക് മെയിന്‍ ഗേറ്റിനു സമീപത്തുനിന്നാണ് മദ്യപസംഘത്തെ നാട്ടുകാര്‍ പിടികൂടിയത്.
     
    പ്രകോപിതരായ നാട്ടുകാര്‍ ഇവരെ മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരുടെ മര്‍ദ്ദനത്തിനിടെ മൂന്നംഗ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ പിടികൂടിയ കാറിലുണ്ടായിരുന്ന അഞ്ചല്‍ സ്വദേശി ജെയിസിങ്ങ്, ഏരൂര്‍ നെട്ടയം കോണത്ത് സ്വദേശി സജിമോന്‍  എന്നിവരെ ഏരൂര്‍ പോലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത  മദ്യപസംഘത്തെ ഏരൂര്‍ പോലീസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപസംഘം കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ച ഉറുകുന്ന് സ്വദേശി അജിഷിനേയും മറ്റു ബൈക്ക് യാത്രികരെയും നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.