• അംഗന്‍വാടിയില്‍ സംസാര ശേഷിയും കേള്‍വി ശേഷിയും ഇല്ലാത്ത ആയ; രക്ഷിതാക്കള്‍ ഭീതിയില്‍

    സംസാര ശേഷിയും കേള്‍വി ശേഷിയും ഇല്ലാത്ത ആളെയാണ് കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ കുമരംകരിക്കം അംഗന്‍വാടിയിലെ ആയ പോസ്റ്റില്‍ നിയമിച്ചിരിക്കുന്നത്. സംസാരശേഷിയില്ലാത്ത ആയ കുട്ടികളോട് ആംഗ്യ ഭാഷയിലാണ് സംസാരിക്കുന്നതും. ഇത് കുട്ടികള്‍ ആംഗ്യഭാഷയില്‍ സംസാരിക്കുന്നതിനും കാരണമാകുന്നു ഇത് കാരണം അംഗന്‍വാടിയിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു.
    അംഗന്‍വാടിയില്‍ നിന്ന് വീട്ടിലെത്തുന്ന കുട്ടികള്‍ രക്ഷിതാക്കളോടും ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നു. ഇത് വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് അക്ഷരങ്ങള്‍ ചൊല്ലിപഠിക്കുന്ന കുട്ടികളുടെ സംസാര ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതിയിലാണ് രക്ഷിതാക്കള്‍. 
     
    അംഗന്‍വാടിയില്‍ എത്തുന്ന കുട്ടികള്‍  കൂടുതലായി ആംഗ്യഭാഷയില്‍ സംസാരിക്കുവാന്‍ തുടങ്ങിയതോടെ നിലവില്‍ ഈ അംഗന്‍വാടിയില്‍ എത്തുന്ന കുട്ടികളെയും പ്രദേശത്തെ മറ്റ് അംഗന്‍വാടിയിലേക്ക് മാറ്റുവാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുകയാണ്. കുട്ടികളൂടെ സംസാരശേഷിയില്‍ ഉണ്ടായ മാറ്റം രക്ഷിതാക്കളില്‍ വലിയ ആശങ്ക ഉണ്ടാക്കുകയും ഇതോടെ തൊട്ടടുത്ത അംഗന്‍വാടിയായ കുമരങ്കരിക്കം  അംഗന്‍വാടി ഉപേക്ഷിച്ച് നാലഞ്ച് കിലോമീറ്റര്‍ അപ്പുറമുള്ള അങ്ങാടിയിലേക്ക് കുട്ടികളെ അയച്ചു പഠിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് രക്ഷിതാക്കള്‍.
    സ്വന്തം കുട്ടികളുടെ സംസാര രീതിയിലും പെരുമാറ്റത്തിലും വൈരുധ്യം ഉണ്ടായതോടെ സംസാര ശേഷിയും കേള്‍വി ശേഷിയും ഇല്ലാത്ത ആയയെ അങ്ങാടിയില്‍ നിന്നും മാറ്റി മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കുവാന്‍ അധികാരികള്‍ തയ്യാറാകണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പതിനഞ്ചോളം കുട്ടികള്‍ പഠിച്ചിരുന്ന അംഗന്‍വാടിയില്‍ നിന്ന് കുട്ടികളെ കൂട്ടത്തോടെ പ്രദേശത്തെ മറ്റ്അംഗന്‍വാടി യിലേക്ക്  മാറ്റുകയും  രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ ഈ അവന്‍ വടിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതിന് പരിഹാരം കാണുവാന്‍  കഴിയാതെ വന്നതോടെ ഗ്രാമ പഞ്ചായത്തും ജനപ്രതിനിധികളും വെട്ടിലായി. ഭിന്നശേഷിക്കാരിയായ ആയയെ  ശിശുക്ഷേമ വകുപ്പ് ഇടപെട്ട് ഐ സി ഡി എസ് ഓഫീസിലേക്ക്  പോസ്റ്റ് ചെയ്യണം എന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്  നളിനി അമ്മയും, അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന  വാര്‍ഡിലെ മെമ്പര്‍ കൂടിയായ  വിഷ്ണു ആവശ്യപ്പെടുന്നത്.