• ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഉന്നത സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കേരളം .

  സി.ഡി.സുനീഷ്
   
  കേരളം ഇതര സംസ്ഥാന തൊഴിലാളികളുടെ പറുദീസയായി മാറിയിരിക്കുന്ന കാലത്ത് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും രൂക്ഷമായിരിക്കയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അത്യാധുനിക ബ്ലോക്‌ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ ടെക്‌നോളജി ഇന്‍ക്യുബേറ്ററായ മേക്കര്‍ വില്ലേജാണ് ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനായി മേക്കര്‍ വില്ലേജ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച്(സിപിപിആര്‍), ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നിവ സംയുക്തമായി  ഹാക്കത്തോണ്‍ മത്സര പരിപാടി നടത്തും.
  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 ടീമുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമറിയിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് അഭിമുഖം വഴി തെരഞ്ഞെടുത്ത 20 ടീമുകള്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവയെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങിനെ പരിഹരിക്കാം എന്നതിനെക്കുറിച്ചുമുള്ള അവബോധ പരിപാടിയില്‍ പങ്കെടുത്തു വരികയാണ്. പരിപാടിയുടെ അവസാന രണ്ട് ദിവസങ്ങളിലായി ടീമുകള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത പദ്ധതികള്‍ അവതരിപ്പിക്കും. മികച്ച പദ്ധതിയ്ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് സമ്മാനത്തുക.
   
  ഡിസംബര്‍ 21, 22 തിയതികളില്‍ കളമശ്ശേരി മേക്കര്‍ വില്ലേജ് കാമ്പസില്‍ നടക്കുന്ന ഫൈനല്‍ എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള ഉദ്ഘാടനം ചെയ്യും. ഐബിഎം പ്രതിനിധി ഡോ. ദിലീപ് കൃഷ്ണസ്വാമിയാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്  ഏറെ ശ്രമകരമാണെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ അറിയുന്നവര്‍ തുലോം കുറവാണ്. അവര്‍ക്കാകട്ടെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ താത്പര്യമുണ്ടാവില്ല.
   
  ലോകത്തു തന്നെ അപൂര്‍വമായി മാത്രമേ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനുവേണ്ടി ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ളൂ. ഇന്ത്യയില്‍ ഇത്തരമൊന്ന് നടാടെ സംഘടിപ്പിക്കുന്നതു വഴി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ സാമൂഹ്യപ്രതിബദ്ധത കൂടിയാണ് കാണിക്കുന്നതെന്ന് പ്രസാദ് പറഞ്ഞു. ആശയദാതാക്കള്‍, സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍, പ്രോഗ്രാമര്‍മാര്‍, ഡിസൈനര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ മേഖലയില്‍ നിന്നുള്ളവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
   
  ഹാക്കത്തണില്‍ രൂപപ്പെടുന്ന  പ്രോഗ്രാമുകളുടെ ബൗദ്ധിക സ്വത്തവകാശം ഡെവലപ്പര്‍മാര്‍ക്ക് തന്നെയായിരിക്കും. ഭാവിയില്‍ ഈ പ്രോഗ്രാമില്‍ ആവശ്യമായ വിപുലീകരണം നടത്താനും അവര്‍ക്ക് അവകാശമുണ്ടായിരിക്കും.  നവീന ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ 
  ഗുണഫലം അര്‍ഹര്‍ക്ക് ലഭ്യമാകുന്നത് ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷിക്ക പ്പെടുന്നത്.