• ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് ഇന്ന് രണ്ട്‌പേര്‍ കൂടി മരിച്ചു

     ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് ഇന്ന് രണ്ട്‌പേര്‍ കൂടി മരിച്ചു. കടല്‍ക്ഷോഭത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുല്ലുവിള സുരപുരയിടം ഇരയമണ്‍ വെല്ലാര്‍മി ഹൌസില്‍ രതീഷ് (30) ആണ് മരിച്ചത്.  മിനിമോളാണ് ഭാര്യ.മരിച്ച രണ്ടാമത്തെ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.അബോധാവസ്ഥയില്‍ വെള്ളിയാഴ്ചയാണ് രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ ചെറിയ പരുക്കുകള്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലും ശരീരത്തിനുള്ളില്‍ വെള്ളം കയറി പല അവയവങ്ങളേയും ബാധിച്ചിരുന്നു. മസിലുകള്‍ക്ക് കാര്യമായ ക്ഷതവും സംഭവിച്ചിരുന്നു.
     
    കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാനും കേരളത്തില്‍ കാറ്റിന്റെ വേഗത കൂടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും പുറപ്പെടുവിച്ചു.അതേസമയം ഓഖി ചുഴലിക്കാറ്റ് അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ച് മുംബൈ തിരത്ത് നിന്ന് 690 കിലോമീറ്ററും ഗുജറാത്തില്‍ നിന്ന് 870 കിലോമീറ്റര്‍ അകലയെത്തിയെന്നും കാറ്റിന്റെ ശക്തി കുറഞ്ഞെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 
     
    എങ്കിലും മഹാരാഷ്ട്രയുടെ തീരദേശമേഖലയിലും, ദക്ഷിണ ഗുജറാത്തിലും അതീവ ജാഗ്രതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഇന്നും നാളെയും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇരുസംസ്ഥാനങ്ങളുടെയും തീരദേശത്ത് ഭീമന്‍തിരമാലകള്‍ രൂപപ്പെടുമെന്നുംജാഗ്രതയുടെ ഭാഗമായി മുംബൈയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.