• ദുരന്തബാധിതരെ സന്ദര്‍ശിച്ച് വി.എസ്.അച്യുതാനന്ദന്‍

     ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ആനുകൂല്യങ്ങളും ഒട്ടും കാലവിളംബം കൂടാതെ എത്തിക്കുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.  പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിലെ ദുരന്തബാധിതരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു വി എസ്. ചുഴലിക്കാറ്റില്‍പ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായത് അത്യന്തം ദു:ഖകരമാണ്.  കടലില്‍ അകപ്പെട്ട  നിരവധി പേരെ ഇനിയും കണ്ടേത്തേതുണ്ട്.  രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണ്ം വള്ളവും, മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം.  ഇക്കാര്യങ്ങളിലെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.   ഇതു കഴിയുന്നത്ര വേഗത്തില്‍ നടപ്പാക്കുന്നതിന് താന്‍ എല്ലാ ഇടപെടലുകളും നടത്തുമെന്ന് വി എസ് പറഞ്ഞു.  
     
    ആരും പ്രതീക്ഷിക്കാത്ത ദുരന്തം ഉണ്ടായ സാഹചര്യത്തില്‍ മറ്റു തരത്തിലുള്ള തര്‍ക്കവിതര്‍ക്കങ്ങളിലേക്ക് പോകരുതെന്ന് വി.എസ് അഭ്യര്‍ത്ഥിച്ചു.  കേരളം ഒറ്റ മനസ്സോടെ ദുരന്തത്തിനിരയായവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇത്തരത്തില്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് തന്നെയാണ് താന്‍ ആശിക്കുന്നത്. അതിന് എല്ലാവരുടെയും ഭാഗത്തു നിന്ന്  പിന്തുണ ഉണ്ടാകണം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും, മറൈന്‍ പൊലീസിന്റെയും അടിസ്ഥാന സൌകര്യങ്ങളിലും,  പ്രവര്‍ത്തനങ്ങളിലും  കൂടുതല്‍    കുറ്റമറ്റ സംവിധാനം ഉണ്ടാക്കണം എന്ന മത്സ്യത്തൊഴിലാളികളുടെയും, തീരദേശവാസികളുടെയും ആവശ്യം നടപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കമെന്നും വി.എസ്.പറഞ്ഞു.