• അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ രൂക്ഷം; ആംആദ്മി സര്‍ക്കാരിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍

     അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആംആദ്മി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ രംഗത്ത്. മലിനീകരണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് ജസ്റ്റീസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് നിരീക്ഷിച്ചു. മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനെയും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. അന്തരീക്ഷ മലിനീകരണത്തിനെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 
     
    അതേസമയം ചീഫ് സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും മാറിയതിനാല്‍ നടപടികളെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നു ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ക്രിക്കറ്റ് സംഘടിപ്പിക്കരുതായിരുന്നുവെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.