• വിത്ത് കലവറ നിറഞ്ഞു തണല്‍ ഒരുക്കിയ വയലില്‍.

  സി.ഡി.സുനീഷ്
   
  നിങ്ങളുടെ ഹൃദയം ഒരു പൂങ്കാവനമാണ് അതിലാദ്രത വളരും ക്രോധവും പൂക്കും സ്‌നേഹം നിറയും നിങ്ങളവിടെ നടുന്ന വിത്ത് പോലെ ബുദ്ധ വിചാരം 
   
  വിത്ത് നമ്മുടെ ജീവന്റേയും സംസ്‌കാരത്തിന്റേയും രൂപകമാണ്. വിത്ത് നിറയേണ്ടതും മണ്ണിലും വയലിലുമാണ്. പൈതൃക നെല്‍ വിത്തുകളുടെ കലവറ വയലില്‍ നട്ടൊരുക്കിയിരിക്കുകയാണ് തണല്‍ സന്നദ്ധ പ്രസ്ഥാനം വയനാട്ടിലെ മാനന്തവാടിക്കടുത്ത് ഉള്ള പനവല്ലിയിലാണ് ഈ വിത്ത് വയല്‍. ജൈവവൈവിധ്യ പരിപാലനം ജൈവകൃഷി പരിരക്ഷ, ആരോഗ്യ ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പ് വരുത്താനും അന്യാധീനമാകുന്ന പൈതൃക വിത്തുകള്‍ കര്‍ഷകരുടെ വയലില്‍ സംരംക്ഷിക്ക പ്പെടുന്നതിനും ലക്ഷ്യമിട്ടാണ് വിത്ത് വയല്‍ ഒരുക്കിയിരിക്കുന്നത്. സേവ് റൈസ് കാംപയിന്റ ഭാഗമായി നടപ്പിലാക്കുന്ന വിത്ത് സംരംക്ഷണ പദ്ധതിയാണീ വിത്ത് കലവറ. ഒരു ഏക്കര്‍ മുപ്പത്താറ് സെന്റില്‍ ചെറിയ തട്ടുകളിലായി
  250 ഓളം വിത്തുകമാണ് വിളഞ്ഞു നില്ക്കുന്നത്. 2010 ല്‍ പൈതൃക നെല്‍ വിത്ത് സംരംക്ഷകനായ നെല്ലച്ഛന്‍ ചെറുവയല്‍ രാമന്റെ വയലിലാണ് ഈ പദ്ധതി തുടക്കം കുറിച്ചത്. 22 വിത്തില്‍ നിന്നും 2011 ല്‍ 64 ലേക്കും 2017ല്‍ 250 ലേക്ക് വിത്ത് കലവറ നിറഞ്ഞു. വംശനാശം വന്നതെന്ന് കരുതിയ ഏറാന്‍ ഏറ്റവും പൊക്കം കൂടിയ ഇനമായ ചോറ്റ് വെളിയന്‍ പായസത്തിനും പലഹാരത്തിനും ഉത്തമമായ കറുത്തയരി ചരിത്ര പ്രാധാന്യമുള്ള വിത്തായ തൗവ്വന്‍ എന്നീ വിത്തുകള്‍ വിത്ത് വയലിലുണ്ട്. വലിയ കഴമ, കുറായി, കുട്ടി വിത്ത്, ചോമന്‍, കൂരന്‍ എന്നീ വിത്തുകള്‍ക്കൊപ്പം, തമിഴ് നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ചത്തീസ്ഘട്ട്, അരുണാചല്‍, ആസാം, ഒഡീസ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ എന്നീ. സംസ്ഥാനങ്ങളിലെ പൈതൃക നെല്‍വിത്തുകളും വിളഞ്ഞിട്ടുണ്ടിവിടെ.നേപ്പാള്‍, വിയറ്റ്‌നാം ,തായ്‌ലന്റ് എന്നീ വിദേശ ജ്യങ്ങളിലെ വിത്തും ഈ കലവറയിലുണ്ട്.
   
  വിത്ത് അതിജീവനത്തിന്റെ കണ്ണിയാണ്. അവ കര്‍ഷകരുടെ വയലില്‍ സംരംക്ഷിക്കപ്പെടണം ഈ ലക്ഷ്യം നിറവേറ്റാനാണ് ഈ പദ്ധതിയെന്ന് തണല്‍ പ്രവര്‍ത്തകയും സേവ് റൈസ് ക്യാംപയിനിന്റെ കോര്‍ഡിനേറ്ററുമായ എസ്. ഉഷ പറഞ്ഞു. ബൗദ്ധികസ്വത്തവകാശങ്ങള്‍ക്ക് പകരം പങ്കാളിത്ത വിഹിതമാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടത്. വിത്തുകള്‍ കര്‍ഷകര്‍ക്ക് സുതാര്യമായി ലഭ്യമാക്കുകയാണ് വേണ്ടതെന്നു് ഉഷ പറഞ്ഞു. വിത്ത് കലവറയിലൂടെ കൃഷിയെന്ന സംസ്‌കാരത്തെ പരിരക്ഷിക്കാനും നില നിര്‍ത്താനും കര്‍ഷകര്‍ക്കൊപ്പം എല്ലാവരേയും പ്രേരിപ്പിക്കുക കൂടിയാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും എസ്. ഉഷ പറഞ്ഞു. വിളവെടുപ്പിന് ശേഷം നടത്തുന്ന വിത്തുത്സവങ്ങളിലൂടെയാണ് ആവശ്യമായവര്‍ക്ക് ഇവ കൈ മാറുകയെന്ന് സേവ് റൈസ് ക്യാംപയിന്റ കോര്‍ഡിനേറ്ററും വിത്ത് കലവറയുടെ പ്രധാന പ്രവര്‍ത്തകനുമായ കെ.ലെനീഷ് പറഞ്ഞു. കേരളം, ഒറീസ്സ, കര്‍ണ്ണാടക, തമിഴ്‌നാട്, ചത്തീസ് ഘട്ട്, ബംഗാള്‍ സേവ് റൈസ് ക്യാംപയിന്‍ നടക്കുന്നത്.
  പനവല്ലി വയലില്‍ വിളയുന്നത് പ്രതീക്ഷകളുടെ വിത്തുകളാണ്. ഈ കൂട്ടായ്മയുടെ അണിയറയില്‍ സുധ എം.ഡി.യും, കൃഷ്ണന്‍ സി.യും സതീഷ് ആറും ഉണ്ടായിരുന്നു ഒപ്പം അനേകം കര്‍ഷകരും സന്നദ്ധ പ്രവര്‍ത്തകരും.