• കനത്ത മഴയും ശക്തമായ കാറ്റും തുടരും

     കേരള തീരത്ത് ഭീമന്‍ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയും ശക്തമായ കാറ്റും തുടരും. അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ദ്ധമാകും. കാറ്റും മഴയും മാറിനിന്നാലും മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ നേരത്തേക്ക് കടലിലേക്ക് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കി.അതേസമയം, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു ഉള്‍ക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. സൈന്യവും കോസ്റ്റ് ഗാര്‍ഡും തെരച്ചിലിനായി രംഗത്തുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ദുരന്തനിവാരണസേനയും തെരച്ചിലില്‍ പങ്കുച്ചേരും. 
     
    തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരാഴ്ച്ചത്തേക്ക് സൗജ്യന്യ റേഷന്‍ അനുവദിച്ചു. കടലില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.കൊച്ചി ചെല്ലാനം കടപ്പുറത്ത് അര്‍ധരാത്രിയിലും രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. നിരവധിവീടുകളിലേക്ക് തിരമാല ഇരച്ചുകയറി. ഇതോടെ കടല്‍ത്തീരത്ത് നിലയുറപ്പിച്ച ജനങ്ങള്‍ മേയര്‍ സൗമിനി ജെയ്‌നും മറ്റ് കൗണ്‍സിലര്‍മാരും ജീവനക്കാരും എത്തിയ ശേഷമാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാന്‍ തയാറായത്.