• "ഓഖി" ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം

     ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീശിയടിച്ചു തുടങ്ങിയ ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍ വേഗം കൈവരിച്ച് അതിതീവ്രവിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. കനത്ത കാറ്റില്‍ ലക്ഷദ്വീപില്‍ ലൈറ്റ് ഹൗസിന് തകരാര്‍ സംഭവിച്ചു. മിനിക്കോയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. കനത്ത മഴയേതുടര്‍ന്ന് കല്‍പ്പേനിയിലെ ഹെലിപ്പാട് വെള്ളത്തിലായതായും റിപ്പോര്‍ട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പ്പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കാന്‍ പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലയിലെ ജനങ്ങളെ സ്‌കൂളുകളിലേക്കു മാറ്റി. ചുഴലിക്കാറ്റ് "അതിതീവ്ര" വിഭാഗത്തിലേക്കു മാറിയെന്നാണ് റിപ്പോര്‍ട്ട് യാത്രാ സൌെകര്യങ്ങളെല്ലാം സര്‍ക്കാര്‍ റദ്ദുചെയ്തു. 
     
    രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ ഓഖി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാത്രി ആഞ്ഞടിച്ചിരുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കവരത്തിയില്‍ മുങ്ങിപ്പോയ ഉരുവില്‍നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കല്‍പേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയി. വലിയ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി.ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സ് സര്‍വീസായ  ഹെലികോപ്റ്ററുകളും റദ്ദാക്കി. 
     
    കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യുന്ന എന്‍ഐഒടി പ്‌ളാന്റ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകരാറിലായതോടെ പൈപ്പ് ജലത്തെ ആശ്രയിക്കുന്നവരുടെ കുടിവെള്ളം മുട്ടും. ജലവിതരണ സംവിധാനം ശരിയാക്കാന്‍ ഏകദേശം  ഒരു മാസമെങ്കിലും വേണമെന്നാണ് വിശദീകരണം. മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളിലാണ് കാറ്റും മഴയും ശക്തമായിട്ടുള്ളത്. കല്‍പ്പേനിയില്‍ അഞ്ച് ബോട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. എല്ലാ ദ്വീപുകളില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായ സ്ഥാനത്തേയ്ക്കു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  കവരത്തി, അഗത്തി, മിനിക്കോയ്, അമേനി, കദ്മത്ത്, ചെത്തിലാത്ത്, ബിത്ര, ആന്ത്രോത്ത്, കല്‍പ്പേനി, കില്‍ത്താന്‍ എന്നിങ്ങനെ പത്ത് ദ്വീപുകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  ഇവിടെയെല്ലാം മലയാളി സാന്നിധ്യമുണ്ട്. നാവികസേന ലക്ഷദ്വീപിലേക്ക് രണ്ടു കപ്പല്‍ അയച്ചതായി ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെ പറഞ്ഞു. കുടിവെള്ളം, വെള്ളം ശുദ്ധീകരിക്കാനുള്ള കിറ്റുകള്‍, പുതപ്പുകള്‍, മരുന്ന്, ഭക്ഷണസാധനങ്ങള്‍ എന്നിവയുമായി ഐഎന്‍എസ് സുജാത, ഐഎന്‍എസ് ശാരദ എന്നീ കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് തിരിച്ചത്.