• കുഫോസില്‍ മത്സ്യക്കൊയ്ത്തും ചൂണ്ടയിടല്‍ മത്സരവും

  സ്വന്തം ലേഖകന്‍
   
  ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ സമര്‍ത്ഥനാണോ നിങ്ങള്‍ ? എങ്കില്‍ ചൂണ്ടയുമായി പനങ്ങാടുള്ള കേരള ഫിഷറീസ് -സമുദ്ര പഠന സര്‍വ്വകലാശാലയിലേക്ക് (കുഫോസ്) ഡിസംബര്‍ അഞ്ചിന് പോന്നോളൂ. കുഫോസിന്റെ ജലാശയങ്ങളില്‍ നിന്ന്  കളാഞ്ചിയും വരാലും കരിമീനും തിലാപ്പിയുമൊക്കെ മത്സരിച്ച് ചൂണ്ടയിട്ട് പിടിക്കാം. നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടതല്‍ മീന്‍ ചൂണ്ടയിട്ട് പിടിക്കുന്നവര്‍ക്ക്  സമ്മാനമായി അവര്‍ പിടിച്ച മീനുകള്‍  തന്നെ സ്വന്തമാക്കാം. ഏറ്റവും വലിയ മീന്‍ ചൂണ്ടയിട്ട് പിടിക്കുന്നവര്‍ക്കും പിടിച്ച മീന്‍ സമ്മാനമായി ലഭിക്കും. സമ്മാനങ്ങള്‍ ലഭിക്കാത്തവര്‍ക്കും അവരവര്‍ പിടിച്ച മീനുകള്‍ വീട്ടിലേക്ക് കൊണ്ടുപോകാം. തൂക്കം കണക്കാക്കി സര്‍വ്വകലാശാല നിശ്ചയിക്കുന്ന പണമടക്കണമെന്ന് മാത്രം.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് ചൂണ്ടയിടല്‍ മത്സരം.  
  ഇനി മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല, വെറുതെ ചൂണ്ടയിട്ട് നോക്കാം എന്ന് കരുന്നവര്‍ക്കും അവസരമുണ്ട്. ഡിസംബര്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ ചൂണ്ടയിട്ടോ, വീശുവല എറിഞ്ഞോ ഉടക്കുവല ഉപയോഗിച്ചോ ആര്‍ക്ക് വേണമെങ്കിലും കുഫോസിന്റെ മത്സ്യക്കുളങ്ങളില്‍ നിന്ന് മീന്‍ പിടിച്ച് കൊണ്ടുപോകാം. പിടിക്കുന്ന മീനുകള്‍ തരം തിരിച്ച് തൂക്കം കണക്കാക്കി, മിതമായ നിരക്കിലുള്ള മീനിന്റെ വില സര്‍വ്വകലാശാലയില്‍ അടക്കണമെന്ന് മാത്രം. കുഫോസിന്റെ ജലാശയങ്ങള്‍ രാസ വള കീടനാശനി വിമുക്തമാണ്. അതുകൊണ്ട് തന്നെ  ഐസും രാസവസ്തുക്കളുമൊന്നുമിടാത്ത ശുദ്ധമായ മീന്‍ അടുക്കളയിലെത്തിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇത്. മീന്‍ പിടിക്കുന്നതിനുള്ള വലയും ചൂണ്ടയും കൊണ്ടുവരണം.
   
  കുഫോസില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഓപ്പണ്‍ ഡേയോട് അനുബന്ധിച്ചാണ് ഈ സൗകര്യം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓപ്പന്‍ ഡേ ദിവസമായ ചൊവ്വാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ കുഫോസ് സന്ദര്‍ശിക്കാനും അവസരമുണ്ട്. കുഫോസിന്റെ അക്വേറിയവും മ്യൂസിയവുമൊക്കെ സൗജന്യമായി കാണുകയും ചെയ്യാം. മത്സ്യകൃഷി സംബന്ധമായി കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ നിവര്‍ത്തിക്കുന്നതിനുള്ള സ്പെഷ്യല്‍ കൗണ്ടറും അന്ന് പ്രവര്‍ത്തിക്കും. കണ്ടല്‍കാടുകളുടെ പരിസ്ഥിതി പ്രാധാന്യത്തിന്റെ ബോധന പരിപാടികളും ഓപ്പണ്‍ ഫോറവും നടക്കും