• ഡിജിറ്റല്‍ ഇന്റഗ്രേഷന്‍: മാധ്യമ ശില്പശാല നടത്തി.

    സ്വന്തം ലേഖകന്‍
     
    ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വികാസ് പീഡിയ വിജ്ഞാന വികസന പോര്‍ട്ടലിന്റെയും കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ടോപ് ഫോം ഓഡിറ്റോറിയത്തില്‍ ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ സംബന്ധിച്ച് മാധ്യമ ശില്പശാല നടത്തി. കേന്ദ്ര സംസ്ഥാന പദ്ധതികള്‍, സംരംഭങ്ങള്‍, വിജ്ഞാനം, വികസനം. തുടങ്ങി വിവിധ വകുപ്പുകളെ സംബന്ധിച്ചും  വിവരങ്ങളെ സംബന്ധിച്ചും ഉള്ള വെബ് സൈറ്റുകളും പോര്‍ട്ടലുകളും പരസ്പരം ബന്ധിപ്പിക്കുന്നതിന് മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത്. സ്വകാര്യ പോര്‍ട്ടലുകള്‍ക്കും ഇപ്പോള്‍ വികാസ് പീഡിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്.
     
    കേരളത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ,കോഴിക്കോട്, മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ഡിജിറ്റല്‍ സംയോജനം നടക്കുന്നത്. വികാസ് പീഡിയയില്‍ വിവരദാതാക്കളായി ചേരാനും ഇപ്പോള്‍ അവസരമുണ്ടന്ന് വിഷയാവതരണം നടത്തിയ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു പറഞ്ഞു. സോഷ്യല്‍ മീഡിയ, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ പേയ്‌മെന്റ് തുടങ്ങി ഐ .ടി . അധിഷ്ഠിതമായ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിനുള്ള മാസ്റ്റര്‍ ട്രെയ്‌നര്‍മാരാകാനും താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. ശില്പശാലയില്‍ കെ.ആര്‍.എം.യു. സംസ്ഥാന പ്രസിഡണ്ട് മനു ഭരത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സെയ്ദ് സംസ്ഥാന സെക്രട്ടറി പീറ്റര്‍ ഏഴിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.