• കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

     കാവല്‍ക്കാരനായിരിക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നിട്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനായി മോഡി മാറിയെന്നും ദേശീയ തലത്തില്‍ ബി.ജെ.പി യെ എതിര്‍ത്ത് സി.പി.എം രംഗത്ത് വരാത്തത് മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്നും  ചെന്നിത്തല. പടയൊരുക്കം ജാഥയ്ക്ക് പത്തനാപുരത്ത് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നരവര്‍ഷം ഭരിച്ച ബി.ജെ.പി യ്ക്കും ഒന്നര വര്ഷം ഭരിച്ച സി.പി.എമ്മിനും എതിരായി ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയതിന്റെ നേര്‍ക്കാഴ്ചയാണ് ജാഥയില്‍ അണിനിരന്ന ആയിരക്കണക്കിന് വരുന്ന ജനങ്ങളെന്നു രമേശ് ചെന്നിത്തല. ജനങ്ങളുടെ താല്പര്യങ്ങളെ മുഖവിലക്കെടുക്കാതെ എല്ലാത്തിനെയും വര്‍ഗീയവല്‍ക്കരിച്ച് മതേതരത്തെ പിച്ചി ചീന്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഏകാധിപത്യ ഭരണകൂടമായി കേന്ദ്ര സര്‍ക്കാര്‍ മാറി. 
     
    പതിനഞ്ചു കോടിയോളം വരുന്ന മുസ്ലീങ്ങള്‍ ഇപ്പോള്‍ ആശങ്കയോടെ ആണ് ജീവിക്കുന്നത്. ഇവരുടെ ആശങ്കകള്‍ ദിനംപ്രതി വര്‍ധിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഗ്യാസ്, പെട്രോള്‍ തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും എല്ലാ ദിവസവും വിലക്കൂടുകയാണ്. നല്ല ദിവസങ്ങള്‍ നല്‍കുമെന്ന് മോഡി പറഞ്ഞിട് ഇപ്പോള്‍ വിലക്കയറ്റം മൂലം സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി. ജി.എസ്.ടി യും  നോട്ടുനിരോധനവും മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. രണ്ടുലക്ഷത്തിലേറെ ആളുകളുടെ ജോലി നഷ്ടപ്പെട്ടു. മുതല്‍ മുടക്കാന്‍ വന്നവര്‍ തിരിച്ചു പോയി. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാഴായിരിക്കുകയാണ്. ഈ പരാജയങ്ങള്‍ മറച്ച് വയ്ക്കാനാണ് ഇപ്പോള്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പറയുന്നത്. 
     
    ഭരണത്തിനെതിരെ ജനങ്ങള്‍ ഉയരുന്നത് കണ്ടപ്പോളാണ് രാമക്ഷേത്ര അജണ്ടയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വര്‍ഗ്ഗീയത ആളിക്കത്തിക്കാനാണ് മോദിയുടെ ശ്രമമെന്നും ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര പാര്‍ട്ടിക്കെ കഴിയു എന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പാടെ പരാജയപ്പെട്ടു. ഭരണ മുന്നണിക്കുള്ളിലെ തര്‍ക്കവും അഭിപ്രായ വ്യത്യാസങ്ങളും മൂലം  കേരളത്തില്‍ ഇപ്പോള്‍ ഭരണ സ്തംഭനമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. തര്‍ക്കങ്ങള്‍ മൂലം  മുന്നണി ഭദ്രത തകര്‍ന്നു. കേരളത്തില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോളെന്നും പിണറായി സര്‍ക്കാരില്‍ ഇനിയും രാജികളുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.