• ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചു പുനലൂര്‍ നഗരസഭ

     അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പുനലൂരിലെ ടിബി ജംഗ്ഷനിലെ ഇടത്താവളമായ മിനി പമ്പയില്‍ എത്തുന്ന അയ്യപ്പ ഭക്തന്മാര്‍ക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി പുനലൂര്‍ നഗരസഭ. മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി പ്രകാരമാണ് നഗരസഭ തീര്‍ത്ഥാടകര്‍ക്ക് സഹായമേകുന്നത്. തീര്‍ത്ഥാടകര്‍ക്ക് ശുദ്ധ ജലം ശേഖരിക്കാന്‍ ടിബി ജംഗ്ഷനില്‍ നഗരസഭ കിയോസ്‌ക് സ്ഥാപിച്ചു. കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ താല്‍കാലിക കംഫര്‍ട്ട് സ്റ്റേഷനും നിര്‍മിച്ചു. തീര്‍ത്ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാകാന്‍ നഗരസഭ നേതൃത്യത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സ്ഥാപിച്ചു. താല്‍കാലിക കംഫര്‍ട്ട് സ്റ്റേഷന്‍, ഇന്‍ഫോര്‍മറ്റേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം 28 ന് രാവിലെ 9 മണിക്ക് നഗരസഭ ചെയര്‍മാന്‍ എം എ രാജഗോപാല്‍ നിര്‍വഹിക്കും
     
    പട്ടണം മലിനമാകാതിരിക്കാന്‍ അജൈവ മാലിന്യങ്ങള്‍ ഗ്രീന്‍ വാളന്റിയര്‍മാരുടെ നേതൃത്യത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലേക്ക് മറ്റും ജൈവ മാലിന്യങ്ങള്‍ എയറോബിക് കംമ്പോസ്റ്റ് യൂണിറ്റില്‍ നിക്ഷേപിച്ചു സംസ്‌കരിക്കും. പട്ടണം മലിനപെടാതിരിക്കാന്‍ കച്ചവടക്കാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹരിതായനത്തിന്റെ ഭാഗമായി നഗരസഭ നടപ്പിലാക്കുന്ന ഡിസ്‌പോസിബിള്‍ ഫ്രീ പദ്ധതി തീര്‍ത്ഥാടന കാലത്തും കര്‍ശനമായി നടപ്പിലാക്കും. ഇത് ഉറപ്പാക്കാന്‍ കച്ചവട കേന്ദ്രങ്ങളില്‍ നിര്‍ദ്ദേശം നല്‍കി നഗരസഭ ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തും. ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കും. പ്ലാസ്റ്റിക് നിരോധനവും ഫലപ്രദമായി നടപ്പാക്കാന്‍ പരിശോധന ഊര്‍ജ്ജിതമാക്കും.