• നിയമം ലംഘിച്ചു കൊണ്ട് പ്രതിഷേധം; പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

   ആന പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി നിര്‍മ്മിക്കുന്ന ജോയ് താക്കോല്‍ക്കാരനെന്ന തൃശ്ശൂര്‍ക്കാരാനായി ജയസൂര്യ തകര്‍ത്തഭിനയിച്ച ചിത്രം. ചിരിയും ചിന്തയുമൊക്കെ നിറഞ്ഞിരുന്ന പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗവുമായി ജയസൂര്യയും രഞ്ജിത് ശങ്കറും വീണ്ടും എത്തിയിരിക്കുകയാണ്. ഫീല്‍ ഗുഡ് മൂവിസിന്റെ അപ്പന്മാരാണ് രഞ്ജിത് ശങ്കറും ജയസൂര്യയും. ഇരുവരും ഒരുമിച്ച ചിത്രങ്ങളെല്ലാം പോസിറ്റീവ് കഥകള്‍ പറഞ്ഞവയാണ്. അക്കൂട്ടത്തില്‍ ഏറ്റവും വലിയ വിജയചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. തമാശയും സാമൂഹ്യ പ്രതിബദ്ധതയും തന്നെയാണ് രണ്ടാം ഭാഗത്തിലേയും ചേരുവകള്‍.
   
  ഒന്നാം ഭാഗം നിര്‍ത്തിയെടുത്താണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ചന്ദനത്തിരി കമ്പനി പൊളിയുന്നതും തുടര്‍ന്ന് ജോയ് താക്കോല്‍ക്കാരന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അത് മറി കടക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. അഗര്‍ബത്തീസ് പൊളിഞ്ഞ താക്കോല്‍ക്കാരന്‍ തന്റെ പുതിയ റിസര്‍ച്ചിലേക്ക് കടക്കുന്നു. ഏതു പ്രതിസന്ധിയിലും പോസ്റ്റീവ് ചിന്തകള്‍ മാത്രമുള്ള ജോയിയുടെ പുതിയ കണ്ടുപിടുത്തം ആനപ്പിണ്ടത്തില്‍ നിന്നുമുള്ള കുടിവെള്ളമാണ്. പുണ്യാളന്‍ വെള്ളം. ആനപ്പിണ്ടത്തില്‍ നിന്നും വെള്ളമോ എന്ന് അന്ധാളിച്ച് നില്‍ക്കുന്നതിനിടെ ചിത്രം പുണ്യാളന്‍ വെള്ളത്തിന്റെ ബിസിനസ് ലോകത്തിലേക്ക് കടക്കുന്നു. തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രതീക്ഷകളൊക്കെ തകര്‍ന്ന് ബിസിനസ് പൊളിയുന്നു. 
   
  അതിന് കാരണമോ ഇവിടുത്തെ സംവിധാനവും. അങ്ങനെ ചിത്രം ഒന്നാം പകുതിയില്‍ തന്നെ അതിന്റെ അവതാര ലക്ഷ്യം പ്രഖ്യാപിക്കുകയാണ്. സാധാരണക്കാരനെ ഇവിടുത്തെ ഭരണസംവിധാനം എങ്ങനെ വീര്‍പ്പു മുട്ടിക്കുന്നു എന്നതാണ് ജോയ് താക്കോല്‍ക്കാരന്‍ സംസാരിക്കുന്ന വിഷയം.
  ഒന്നാം ഭാഗത്തില്‍ റോഡിലെ കുഴി നികത്തിയും ഹര്‍ത്താലിനെതിരെ കോടതിയില്‍ പോയും കയ്യടി നേടിയ താക്കോല്‍ക്കാരന്‍ ഒരു പടി കൂടി കടന്ന് കൂടുതല്‍ ശക്തമായ പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കുന്നു. അഴിമതിയും സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും തനിക്ക് വെല്ലുവിളികള്‍ തീര്‍ക്കുമ്പോള്‍ അതിനെതിരെ നിയമം ലംഘിച്ചു കൊണ്ട് പ്രതിഷേധിക്കുക എന്നതാണ് താക്കോല്‍ക്കാരന്റെ സമരമാര്‍ഗ്ഗം