• സ്‌നാനഘട്ടങ്ങള്‍ നവീകരിച്ചിട്ടില്ല; മണ്ഡലകാലം ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം

    മണ്ഡലകാലം ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ കിഴക്കന്‍ മേഖലയിലെ സ്‌നാനഘട്ടങ്ങളൊന്നും നവീകരിച്ചിട്ടില്ല. നിരവധി തീര്‍ത്ഥാടകര്‍ കുളിയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ഉപയോഗിക്കുന്ന സ്‌നാനഘട്ടങ്ങള്‍ മണ്ഡലക്കാലത്തിനായി തയ്യാറാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യാവസ്ഥ. പിറവന്തൂര്‍ പഞ്ചായത്തിലെ മുക്കടവില്‍ രണ്ട് സ്‌നാനഘട്ടങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ചിട്ടുള്ളത്. മുക്കടവ് പാലത്തിന്റെ ഇരു വശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്ന സ്‌നാനഘട്ടങ്ങളെ നിരവധി തീര്‍ത്ഥാടകരാണ് ആശ്രയിക്കുന്നത്. ആദ്യം നിര്‍മ്മിച്ച സ്‌നാനഘട്ടത്തില്‍ സൗകര്യങ്ങള്‍ കുറവായതിനാലാണ് വീണ്ടും ഒരെണ്ണം കൂടി പഞ്ചായത്ത് ഒരുക്കിയത്. കുളിക്കടവും സംരക്ഷണഭിത്തികളും പടവുകളും അടക്കം ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ ഇത്തവണ സ്‌നാനഘട്ടം നവീകരിക്കാനുള്ള യാതൊരു പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ശക്തമായ നീരൊഴുക്കില്‍ കുളിക്കടവുകള്‍ നശിച്ചിട്ടുണ്ട്. 
    കുളിക്കടവ് എന്ന് എഴുതിയ ബോര്‍ഡും അപായസൂചനബോര്‍ഡും മാഞ്ഞ് പോയതിനാല്‍ കാണാന്‍ കഴിയാത്ത രീതിയിലാണ്. തമിഴ്‌നാട്ടില്‍ നിന്നും തെക്കന്‍ ജില്ലകളിലും നിന്നുമുള്ള തീര്‍ത്ഥാടനസംഘങ്ങള്‍ കടന്നുപോകുന്ന പുനലൂര്‍ പത്തനംതിട്ട റോഡിന് സമീപത്തയാണ് സ്‌നാനഘട്ടം. പുനലൂരിനും പത്തനംതിട്ടയ്ക്കും ഇടയില്‍ ആളുകള്‍ക്ക് കുളിയ്ക്കാനുള്ള സംവിധാനം മുക്കടവില്‍ മാത്രമാണ് ഉള്ളത്. ലക്ഷകണക്കിന് രൂപ ചിലവൊഴിച്ച് നിര്‍മ്മിച്ച സ്‌നാനഘട്ടങ്ങള്‍ നവീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുത്തണമെന്നാവശ്യം ശക്തമാണ്.