• പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

    സരിതയുടെ അഭിഭാഷകന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പത്തനാപുരം എം.എല്‍.എ യെ അറസ്റ്റ് ചെയ്യുക, സരിതയെ ഉപയോഗിച്ചു കോടികള്‍ തട്ടിപ്പ് നടത്തുകയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാജരേഖയുണ്ടാക്കി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം നടത്തുക, പത്തനാപുരത്തെ ജനങ്ങളെ വഞ്ചിച്ച എം.എല്‍.എ രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് പത്തനാപുരം, തലവൂര്‍ ബ്ലോക്ക്  കമ്മിറ്റികളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഗണേഷ് കുമാര്‍ എം.എല്‍.എ യുടെ മഞ്ചള്ളൂരിലെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. 
     
    നെടുമ്പറമ്പ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിന് സമീപം പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ എം.എല്‍.എ യുടെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എ യുടെ കോലത്തില്‍ ചെരുപ്പൂരി അടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയത്. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷ് കുമാറാണ് എന്നായാരുന്നു ഫെനിയുടെ ആരോപണം. കൂട്ടിച്ചേര്‍ത്ത പേജുകളില്‍ നേതാക്കള്‍ക്കെതിരെയുള്ള ലൈംഗീകാരോപണങ്ങളാണ് എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ ശരണ്യ മനോജാണ് കത്ത് എഴുതിയത്. തന്റെ അടുത്ത് നിന്ന് ഗണേഷ് കുമാറിന്റെ പിഎ പ്രദീപാണ് കത്തിന്റെ കോപ്പി വാങ്ങിയത്. 
     
    മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും ഫെനി പറഞ്ഞു.കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം സി.ആര്‍. നജീബ് പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ അലക്‌സ് മാത്യു, ഷേക്ക് പരീത്, പള്ളിത്തോപ്പില്‍ ഷിബു, റെജിമോന്‍ വര്‍ഗ്ഗീസ്, ചെമ്പനരുവി മുരളീധരന്‍ നായര്‍, ജെ. ഷാജഹാന്‍, ജെ.എല്‍. നാസിര്‍, കറവൂര്‍ സുരേഷ്, പുന്നല ഉല്ലാസ് കുമാര്‍, മനോഹരന്‍ നായര്‍, ജി. രാധാമോഹന്‍, എച്ച്. അനീഷ്ഖാന്‍, സുധീര്‍ മലയില്‍, മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കുമാരി വിജയന്‍, ശശികല മോഹന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.