• തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

    തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി രംഗത്ത്. കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളുകയും ചെയ്തു. മന്ത്രി സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് എങ്ങനെ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് കോടതി ആര്‍ത്തിച്ച് ചോദിക്കുകയായിരുന്നു. സ്ഥാനം രാജിവച്ചാല്‍ കൂടുതല്‍ നിയമവശങ്ങള്‍ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിയുടെ സര്‍ക്കാരിന്റെ ഭാഗമാണ്. പിന്നെങ്ങനെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
     
    സര്‍ക്കാരും ചാണ്ടിയെ കൈയൊഴിഞ്ഞതോടെ ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. മന്ത്രിയുടെ ഹര്‍ജി അപക്വമായി പോയെന്ന സ്റ്റേറ്റ് അറ്റോര്‍ണിയുടെ വാക്കുകള്‍ക്ക് പിന്നാലെ സര്‍ക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്ന പരാമര്‍ശം ഹൈക്കോടതി നടത്തി. ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങിവന്ന് അധികാരം ഒഴിഞ്ഞ് സാധാരണക്കാരനെ പോലെ നിയമ നടപടികളെ നേരിടൂ എന്നും ഹൈക്കോടതി പരാമര്‍ശം നടത്തി. രാവിലെ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരുന്നത്. മന്ത്രിയുടെ ഹര്‍ജിക്കെതിരേ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് സംശയം ഉയര്‍ത്തിയ കോടതി ഇതു ഭരണഘടനാ ലംഘനമല്ലേയെന്ന് ചോദിച്ചു. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണെന്നും കോടതി നിരീക്ഷിച്ചു. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണത്. മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
     
    അതേസമയം, മന്ത്രിയായിട്ടല്ല, ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയതെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു ചാണ്ടിയുടെ വാദം. അതിനിടെ മന്ത്രിയാകുന്നതിന് മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലാണ് ഇപ്പോള്‍ ആരോപണം ഉണ്ടായതെന്ന വിചിത്ര വാദവുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ എത്തി. കോടതി സര്‍ക്കാര്‍ നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ആ തീരുമാനം ചോദ്യം ചെയ്ത് മന്ത്രിക്ക് കോടതിയെ സമീപിക്കാമായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്ത് സ്ഥാനത്ത് തുടരാനാണോ ചാണ്ടി ശ്രമിക്കുന്നതെന്നും കോടതിയെ ഇതിന് ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജിയെ എന്തുകൊണ്ട് എതിര്‍ക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെ സര്‍ക്കാര്‍ ഹര്‍ജിയെ കൈയൊഴിഞ്ഞു. മന്ത്രിയുടെ ഹര്‍ജി അപക്വമായി പോയി എന്ന നിലപാടോടെ സര്‍ക്കാര്‍ ഒടുവില്‍ തടിയൂരുകയായിരുന്നു.