• ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും

     ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി  ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന്റെ പൊതുവികാരം എന്ന നിലയില്‍ പ്രമേയമായി ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കേണ്ടത് അനിവാര്യമാണെന്ന് വിവിധ സംസ്ഥാന മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഈ പദവി ലഭിക്കുന്നത് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകും.
     
    തീര്‍ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനങ്ങളും വകുപ്പുകളുമായി ഏകോപിപ്പിക്കാനും കണ്‍ട്രോള്‍ റൂം സഹായകമാകും. ശബരിമല മാസ്റ്റര്‍പ്‌ളാന്‍ പ്രകാരമുള്ള നടപടികളില്‍ മിക്കതും പൂര്‍ത്തിയായി. ബാക്കി അതിവേഗം പൂര്‍ത്തിയാകുകയാണ്. മലകയറുന്ന പാതയും സ്വാമി അയ്യപ്പന്റോഡും ഇത്തവണ വീതി കൂട്ടി. പ്രസാദ കൌണ്ടറുകളുടെ എണ്ണവും ദര്‍ശനസമയവും വര്‍ധിപ്പിച്ചു.വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനത്തിന് നടപടിയായി. ആരോഗ്യസേവനം മെച്ചപ്പെടുത്തി. ഹൃദയസംബന്ധ ചികിത്സക്ക് വിദഗ്ധസേവനം ഉറപ്പാക്കി. കാര്‍ഡിയോളജി സെന്ററും എല്ലാ സംവിധാനവുമുള്ള ആശുപത്രിയും സന്നിധാനത്ത് ഒരുക്കി. ഡോക്ടര്‍മാരുടെ സേവനം എല്ലാസമയത്തും ഉറപ്പാക്കി. ജലമലിനീകരണം ഒഴിവാക്കാന്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റ് തയ്യാറാക്കി. വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിനും നടപടിയെടുത്തു. 300 കോടി രൂപയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി പ്രശ്‌നങ്ങളില്ലാത്ത തീര്‍ഥാടനകാലം ഉറപ്പാക്കാന്‍ നടപടികളെടുക്കുന്നു.
     
    പ്‌ളാസ്റ്റിക് രഹിത ശബരിമല പദ്ധതി തുടരാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കണം. പൊലീസ്, മറ്റു സേനകള്‍ തുടങ്ങിയവയുടെ വിന്യാസത്തിലൂടെ സുരക്ഷ ഉറപ്പാക്കി. അപകടങ്ങള്‍ കുറയ്ക്കാനുള്ള സേഫ്‌സോണ്‍ ശബരിമല പദ്ധതിയും നടപ്പാക്കുകയാണ്. ട്രക്കുകളിലും ലോറികളിലും തീര്‍ഥാടകര്‍ എത്താന്‍ പാടില്ല. സിസിടിവി ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തി. ക്യൂ കോംപ്‌ളക്‌സ് സജ്ജമാക്കും. തീര്‍ഥാടകര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ബോധവല്‍ക്കരണത്തിനായി തയ്യാറാക്കിയ വിവിധ ഭാഷകളിലെ വീഡിയോകള്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.