• ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി; ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

     തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി കുറച്ച് കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ വിശദീകരണം തേടി. ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സിന് നിയമസാധുതയുണ്ടോയെന്നാണ് ഗവര്‍ണ്ണര്‍ ആരാഞ്ഞത്. എന്നാല്‍ മുന്‍കാലങ്ങളിലും ബോര്‍ഡിന്റെ കാലാവധി കുറച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കും. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡ് ഭരണസമിതി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് ഒരു ദിവസം മുന്‍പാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷം കാലാവധി ഉണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി കുറച്ച് കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും,ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടിരിന്നു. മണ്ഡലകാലത്ത് ഭരണസമിതിയെ മാറ്റുന്നത് തീര്‍ത്ഥാടനത്തെ ബാധിക്കുമെന്നായിരിന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം
     
    ഇതിനിടയിലാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്. ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന്റെ നിയമസാധുത സംബന്ധിച്ച സംശയമാണ് ഗവര്‍ണ്ണര്‍ ഉന്നയിച്ചത്.നിയമം ഭേദഗതി ചെയ്യാനുള്ള അടിയന്തിരസാഹചര്യം വ്യക്തമാക്കണമെന്നും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ 2007 ല്‍ ഇടത് സര്‍ക്കാര്‍ ബോര്‍ഡിന്റെ കാലാവധി നാലില്‍ നിന്ന് രണ്ടായി കുറച്ചുവെന്നും,കഴിഞ്ഞ സര്‍ക്കാര്‍ അത് രണ്ടില്‍ നിന്ന് മൂന്നാക്കി വര്‍ധിപ്പിച്ചുവെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കും.മുന്‍കാലങ്ങളിലും കാലാവധി കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അത് കൊണ്ട് കാലാവധി കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സരാക്കാര്‍ വാദം.കഴിഞ്ഞ മണ്ഡലകാലത്താണ് പ്രയാറിന്റെ ഭരണസമിതി അധികാരമേറ്റതെന്നും അത് തീര്ത്ഥാടനത്തെ ബാധിക്കുമെന്ന വാദത്തില്‍ കഴന്പില്ലെന്നും സ്ര്ക്കാര്‍ വ്യക്തമാക്കും.വിശദീകരണം അംഗീകരിക്കാതെ ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സ് മടക്കിയാല്‍ മന്ത്രിസഭ ചേര്‍ന്ന് വീണ്ടും അയക്കാനാണ് സര്‍ക്കാര്‍ നീക്കം.