• പുകമഞ്ഞ്; രാജ്യ തലസ്ഥാനത്തെ രക്ഷിക്കാന്‍ പുതിയ നീക്കം

     പുകമഞ്ഞ് നിറഞ്ഞ തലസ്ഥാനത്തെ രക്ഷിക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കഴിഞ്ഞ നാലു ദിവസങ്ങളായി അന്തരീക്ഷത്തെ ആവരണം ചെയ്തിരിക്കുന്ന ചാരനിറത്തിലുള്ള പുകയുടെ തോത് കുറയ്ക്കാന്‍ വെള്ളം തളിക്കുകയേ പരിഹാരമായുള്ളുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ശ്രുതി ഭരദ്വാജ് അറിയിച്ചു.100 മീറ്റര്‍ ഉയരത്തില്‍നിന്നു വെള്ളം തളിക്കാനാണു പദ്ധതി.
    എന്നാല്‍ ഉയരത്തില്‍നിന്നു വെള്ളം തളിക്കുന്നത് പുക മഞ്ഞ് കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ശാശ്വത പരിഹാരമല്ലെന്നു കേന്ദ്ര പരിസ്ഥിതി, ശാസ്ത്ര വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുമിത റോയ് ചൗധരി പറഞ്ഞു. 
     
    ബെയ്ജിങിനെ മാതൃകയാക്കി കൃത്രിമ മഴ പെയ്യിക്കുന്നതിനെ കുറിച്ചു പരിഗണിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയുടെ അയല്‍സംസ്ഥാനങ്ങളിലെ പാടങ്ങളില്‍ കൊയ്ത്തിനുശേഷമുള്ള കറ്റ കത്തിക്കുന്നത്, ഡല്‍ഹിയിലെ വാഹനങ്ങളിലെ പുക, നിര്‍മാണമേഖലയിലെ മാലിന്യങ്ങള്‍ എന്നിവയാണു തലസ്ഥാനത്തെ വലിയ മലീനികരണത്തിനു കാരണം. വായു ശുദ്ധീകരണ ഉപകരണങ്ങള്‍ക്കും മാസ്‌കുകള്‍ക്കും ഇവിടെ ചെലവേറി. സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്കായി വന്‍തോതിലാണു മാസ്‌കുകള്‍ വാങ്ങിയത്.